
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന പ്രസാദങ്ങളിൽ ഒന്നായ കളഭത്തിന് വിലവർദ്ധിപ്പിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കളഭം തയ്യാറാക്കുന്നതിനാവശ്യമായ കുങ്കുമപൂവിന്റെ വില വർദ്ധിച്ചതിനെ തുടർന്നാണ് കളഭത്തിന് വില വർദ്ധിപ്പിക്കുന്നത്. ഒരു ഉരുള കളഭത്തിന് 1,800 രൂപയായും ഒരു പാക്കറ്റ് കളഭത്തിന് 60 രൂപയായുമാണ് വർദ്ധിപ്പിക്കുന്നത്.
നിലവിൽ ഇത് യഥാക്രമം 1,600 രൂപയും 50 രൂപയുമാണ്. തിങ്കളാഴ്ച മുതൽ വില വർദ്ധനവ് നിലവിൽ വരും. കുങ്കുമപൂവിന്റെ വില കിലോയ്ക്ക് 1,47,000 രൂപയായി വർദ്ധിച്ച സാഹചര്യത്തിലാണ് കളഭത്തിന്റെ വില കൂട്ടാൻ ദേവസ്വം നിർബന്ധിതമായത് . മുൻകൂട്ടി കളഭം ബുക്ക് ചെയ്തവർക്കും നിരക്ക് വർദ്ധന ബാധകമാണ്. ബുക്ക് ചെയ്തിരുന്ന തീയതിക്ക് രണ്ടുദിവസം മുമ്പെങ്കിലും കൂടിയ വില വഴിപാടുകാർ അടക്കേണ്ടതാണെന്നും ദേവസ്വം അധികൃതർ അറിയിച്ചു.