actress-attack-case

കൊച്ചി: കൊച്ചി എളമക്കരയിൽ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ പൊലീസിനെ കുത്തിയ സംഭവത്തിൽ പിടിയിലായത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ വിഷ്ണു അരവിന്ദ്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ഇയാൾ നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായിരുന്നു. രണ്ട് ദിവസം മുൻപാണ് ഇയാൾ എളമക്കര എ എസ് ഐ പി എം ഗിരീഷ് കുമാറിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനിക്ക് നടൻ ദിലീപിനെ വിളിക്കുന്നതിനായി ജയിലിൽ മൊബൈൽ ഫോൺ എത്തിച്ചു നൽകിയത് വിഷ്ണുവാണ് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. സുനി എഴുതിയ കത്ത് ദിലീപിന്റെ മാനേജർ‌ക്ക് കൈമാറിയതും വിഷ്ണുവാണെന്ന് പൊലീസ് പറയുന്നു. ഈ കത്താണ് അന്വേഷണം ദിലീപിലേയ്ക്ക് തിരിയാൻ കാരണമായത്. സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു. മാപ്പുസാക്ഷിയായ വിഷ്ണു വിചാരണക്കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയിരുന്നു. ഇയാൾ 22 കേസുകളിൽ പ്രതിയാണ്.

മോഷ്ടിച്ച ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതിനിടെയാണ് വിഷ്ണുവിനെ പൊലീസ് പിടികൂടുന്നത്. തുടർന്ന് എ എസ് ഐയ്ക്ക് കുത്തേൽക്കുകയായിരുന്നു. കൈത്തണ്ടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എ എസ് ഐ ആശുപത്രി വിട്ടു. വധശ്രമത്തിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്ത് വിഷ്ണുവിനെ റിമാന്റ് ചെയ്തു.