
പനാജി: മുൻ മുഖ്യമന്ത്രി പ്രതാപ്‌സിംഗ് റാണെയ്‌ക്ക് കാബിനറ്റ് മന്ത്രിയുടെ സ്ഥിരം പദവി നൽകാൻ തീരുമാനം. നിലവിൽ പോറിയം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംഎൽഎയാണ് റാണെ.
മുതിർന്ന കോൺഗ്രസ് നേതാവായ റാണെയ്‌ക്ക് സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരാണ് ഇത്തരമൊരു അംഗീകാരം നൽകിയിരിക്കുന്നത്. നിയമസഭാംഗമെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കിയതും സംസ്ഥാനത്തിന് അദ്ദേഹം നൽകിയ മഹത്തായ സേവനങ്ങൾ കണക്കിലെടുത്തുമാണ് ഇത്തരൊരു അംഗീകാരം നൽകുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവായ റാണെ ആറുതവണ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമേ നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. എംഎൽഎയായി 50 വർഷം പൂർത്തിയാക്കിയവർക്ക് ഭാവിയിൽ അത്തരമൊരു പദവി നൽകാനാണ് സർക്കാരിന്റെ തീരുമാനം.
എൺപത്തിരണ്ടുകാരനായ റാണ കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോകുമെന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നെങ്കിലും അതെല്ലാം അദ്ദേഹം തന്നെ നിഷേധിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ വിശ്വജിത്ത് റാണെ കോൺഗ്രസ് വിട്ടാണ് ബിജെപിയിൽ എത്തിയത്.