
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തീരുമാനം പറയുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച അന്വേഷണം നിർത്തിവയ്ക്കാൻ കോടതി നിർദേശിച്ചു.
സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നും ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ പഞ്ചാബ് സർക്കാരിന് ഉചിതമായ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ലോയേഴ്‌സ് വോയ്‌സ് ഹർജിസമർപ്പിച്ചത്.
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറലിനോട് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനായി കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും സഹായം നൽകണമെന്നും കോടതി വ്യക്തമാക്കി. സുരക്ഷാ വീഴ്ച അപൂർവങ്ങളിൽ അപൂർവമാണെന്ന് ഹർജിയെ പിന്തുണച്ച് കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്.
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താമെന്ന് പഞ്ചാബ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തെ കോടതിക്ക് തീരുമാനിക്കാമെന്നും പഞ്ചാബ് കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സമിതിയിലെ ഒരംഗത്തെ മാറ്റാമെന്ന് സോളിസിറ്റർ ജനറലും അറിയിച്ചു. എസ്‌പിജി അംഗത്തെ മാറ്റാമെന്നാണ് കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയത്.
ബുധനാഴ്‌ച, കർഷകർ ഫ്‌ളൈഓവർ തടഞ്ഞതിനെത്തുടർന്ന് പഞ്ചാബിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിട്ടോളം കുടുങ്ങി കിടന്നിരുന്നു. യാത്രാ വിവരങ്ങൾ മുൻകൂട്ടി പഞ്ചാബ് സർക്കാരിനെ അറിയിച്ചിട്ടും വേണ്ട സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നാണ് ആരോപണം.