
രണ്ടു രൂപയ്‌ക്ക് എവിടെയെങ്കിലും ദോശ കിട്ടുമോ? സംശയം തോന്നാം അല്ലേ. എങ്കിൽ തമിഴ്‌നാട് തിരുച്ചിയിലേക്ക് വണ്ടി പിടിച്ചോളൂ. അവിടെ ഒരു കക്ഷി വെറും രണ്ട് രൂപയ്‌ക്കാണ് ആവി പറക്കുന്ന തട്ടുദോശ ചുട്ടു നൽകുന്നത്.
സാമ്പത്തിക ബാദ്ധ്യതകൾക്ക് നടുവിൽ നിൽക്കുമ്പോഴും അതിനെ കുറിച്ച് ചിന്തിക്കാതെ പാവപ്പെട്ടവന്റെ ഒരു നേരത്തെ വിശപ്പെങ്കിലും മാറ്റാനായാൽ അതാണ് പുണ്യമെന്ന് കരുതുന്ന അമ്പതുകാരനായ ചിന്നത്തമ്പിയാണ് ഈ തട്ടുകടയുടെ മുതലാളി. ഇവിടെ എത്തുന്നവർക്ക് പണമില്ലെങ്കിൽ പോലും അദ്ദേഹം ഭക്ഷണം നൽകും

ഒരാളും വിശന്നിരിക്കാൻ പാടില്ലെന്ന നിർബന്ധമാണ് അതിന് പിന്നിൽ. കുട്ടിക്കാലത്ത് വിശപ്പിന്റെ വില അത്രയധികം അറിഞ്ഞൊരാളാണ് ചിന്നത്തമ്പി. ഇനി ആർക്കും അങ്ങനെ ഒരു ഗതി വരരുതേയെന്ന് പ്രാർത്ഥിക്കുന്ന ഒരു മനുഷ്യൻ.
ചിന്നത്തമ്പിയുടെ കടയിൽ ദോശയ്ക്ക് മാത്രമല്ല എല്ലാത്തിനും വില കുറവാണ്.
ഇഡ്ലി മൂന്നു രൂപയ്‌ക്കും കാരറ്റും ഉള്ളിയും ചേർത്ത ഊത്തപ്പം നാല് രൂപയ്‌ക്കുമാണ് വിൽക്കുന്നത്. ഇവയ്‌ക്കൊപ്പം കറികളായി രണ്ട് തരം ചട്ണിയും സാമ്പാറും നൽകും. അതും എല്ലാ ദിവസവും രാത്രി 6.30 മുതലാണ് ചിന്നത്തമ്പിയുടെ തട്ടുകട പ്രവർത്തിക്കുന്നത്. ദോശയ്‌ക്ക് പുറമേ ഓംലെറ്റും പൊറോട്ടയും ഉൾപ്പെടെ 24 തരം ഭക്ഷണങ്ങളുണ്ട്.

പക്ഷേ ഏറ്റവുമധികം ആളുകളെത്തുന്നത് രണ്ടു രൂപയുടെ ദോശക്കാണ്. 10 രൂപയുമായി എത്തുന്ന ഒരാൾക്ക് വയർ നിറയെ ഭക്ഷണം കഴിച്ച് മടങ്ങാമെന്നതാണ് പ്രത്യേകത. രാത്രി 11.30 വരെയാണ് കടയുടെ സമയമെങ്കിലും അവസാനമെത്തുന്ന ആൾക്കും ഭക്ഷണം നൽകിയല്ലാതെ ചിന്നത്തമ്പി മടങ്ങില്ല.
കഴിക്കാൻ എത്തുന്നവർക്ക് ഇരിക്കാൻ കസേരയില്ലാത്തതോ സൗകര്യങ്ങൾ കുറവായതോ ഒന്നും ഒരു പ്രശ്‌നമേയല്ല. സ്നേഹം ചാലിച്ചുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയിൽ പലരും അതെല്ലാം മറക്കാണ് പതിവ്. ഭാര്യയും രണ്ട് പെൺമക്കളുമാണ് രാപകലില്ലാതെ ചിന്നത്തമ്പിയെ സഹായിക്കുന്നത്. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ ദോശമാഹാത്മ്യം കേട്ടറിഞ്ഞ് ഇവിടേക്ക് എത്തുന്നവരും നിരവധിയാണ്.