pakistan

ഇസ്ലാമാബാദ്: ഇമ്രാന്റെ ഭരണത്തിൻ കീഴിൽ പാകിസ്ഥാന്റെ സാമ്പത്തിക രംഗം തകർന്ന് തരിപ്പണമായതോടെ ജനങ്ങൾ ക്രിപ്റ്റോ കറൻസി വാങ്ങിക്കൂട്ടുന്നു. പാക് രൂപയുടെ മൂല്യം ചരിത്രത്തിലില്ലാത്തവിധം കൂപ്പുകുത്തിയ അവസ്ഥയിലാണ്. നിലവിൽ ഡോളറിന് 175 പാകിസ്ഥാൻ രൂപ എന്ന നിലയിലേക്കാണ് മൂല്യം ഇടിഞ്ഞത്. അടുത്തകാലത്തെങ്ങും മൂല്യം തിരിച്ചുകയറുന്ന ലക്ഷണവുമില്ല. അതോടെയാണ് രാജ്യത്തെ ബിസിനസുകാരും യുവാക്കളും ക്രിപ്റ്റോ കറൻസിക്ക് പിന്നാലെ പോയത്. ഇതോടെ പാകിസ്ഥാന്റെ സാമ്പത്തികാവസ്ഥ കൂടുതൽ പരിതാപകരമായ നിലയിലേക്ക് എത്തിയിട്ടുണ്ട്.

ചില സ്വകാര്യ ബാങ്കുകളും വിദേശ പണമിടപാട് സ്ഥാപനങ്ങളുമാണ് യുവാക്കളെയും ബിസിനസുകാരെയും ക്രിപ്റ്റോ കറൻസിയിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. ആറുമാസത്തിനിടെ അഞ്ചുകോടി അമേരിക്കൻ ഡോളറിന് തുല്യമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നും കരുതുന്നു.

ക്രിപ്റ്റോ കറൻസി വാങ്ങിക്കൂട്ടുന്ന നടപടികൾ ശ്രദ്ധയിൽപ്പെട്ടതോടെ ആയിരത്തിലധികം പേരുടെ ബാങ്ക് അക്കൗണ്ടുകൾ പാക് സർക്കാർ ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണവും ആരംഭിച്ചു. 2018 ഏപ്രിൽ മാസത്തിൽ പാകിസ്ഥാൻ സ്റ്റേറ്റ് ബാങ്ക് ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.


ക്രിപ്റ്റോകറൻസിക്കെതിരെയുള്ള നടപടികൾ കൈക്കൊണ്ടത് കൂനിന്മേൽ കുരുവായ അവസ്ഥയാണ്. ഇതോടെ രാജ്യത്തെ ബിസിനസുകാരിൽ പലരും തങ്ങളുടെ ആസ്തികൾ വിദേശത്തേക്ക് മാറ്റുന്നുണ്ട്. ഇതാണ് കൂടുതൽ കുഴപ്പത്തിലേക്ക് രാജ്യത്തെ എത്തിച്ചത്.

എന്താണ് ക്രിപ്‌റ്റോ കറൻസി

ലളിതമായി പറഞ്ഞാൽ, ക്രിപ്‌റ്റോകറൻസികൾ ഡിജിറ്റൽ പണമാണ്, അവ കാണാനോ സ്പർശിക്കാനോ കഴിയില്ല, എന്നാൽ അവയ്ക്ക് മൂല്യമുണ്ട്. ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ഇതിനില്ല. ക്രിപ്‌റ്റോ കറൻസിയുടെ കൃത്യമായ ഉപയോഗം ഇതുവരെ കണ്ടെത്താനായിട്ടില്ല.