rakesh

കോടീശ്വരന്മാരുടെ വീടിനെ കുറിച്ചും അതിനകത്തെ സൗകര്യങ്ങളെ കുറിച്ചുമൊക്കെ അറിയാൻ സാധാരണക്കാർക്ക് ഏറെ ആകാംക്ഷയുണ്ടാകും. ഇപ്പോഴിതാ ഇന്ത്യയിലെ ശതകോടീശ്വരനും ആകാശ് എയർ എന്ന വിമാനക്കമ്പനിയുടെ ഉടമയുമായ രാകേഷ് ജുൻജുൻവാലയുടെ വീട്ടുവിശേഷങ്ങളാണ് മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

അധികം വൈകാതെ ജുൻജുൻവാലയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറാനൊരുങ്ങുകയാണ്. മുംബയ് നഗരത്തിന്റെ ഹൃദയഭാഗത്ത് 14 നിലകളിലായിട്ടാണ് പുതിയ ആഡംബര വീട് ഉയരുന്നത്. ബിജി ഖേർ മാർഗിലെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലമാണ് വീട് വയ്‌ക്കാനായി രാകേഷ് കണ്ടെത്തിയിരിക്കുന്നത്. പതിന്നാല് ഫ്ലാറ്റുകൾ നിലനിന്നിരുന്ന സ്ഥലം 371 കോടി രൂപയ്‌ക്കാണ് രാകേഷും ഭാര്യ രേഖയും സ്വന്തമാക്കിയത്.

രണ്ട് സ്വകാര്യ ബാങ്കുകളായിരുന്നു സ്ഥലത്തിന്റെ ഉടമസ്ഥർ. 2013ൽ ഏഴു ഫ്ലാറ്റുകൾ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് 176 കോടി രൂപയ്‌ക്കാണ് വാങ്ങിയത്. 2017ൽ 195 കോടിക്ക് എച്ച്എസ്ബിസിയിൽ നിന്ന് ബാക്കിയുള്ള അപ്പാർട്ട്‌മെന്റുകളും വാങ്ങുകയായിരുന്നു. ഈ ഫ്ലാറ്റുകളെല്ലാം പൊളിച്ചാണ് ഇപ്പോൾ തൽസ്ഥാനത്ത് ആഡംബര കെട്ടിടം പണിയുന്നത്.

rakesh

ആകെ 2700 ചതുരശ്ര അടി വിസ്‌തീർണമുള്ള പ്ലോട്ടിൽ 57 മീറ്റർ ഉയരത്തിലാണ് കെട്ടിടം നിർമിക്കുന്നത്. റിപ്പോർട്ടുകളുസരിച്ച് കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയാണ് മാസ്റ്റർ ഫ്ലോറായി കണക്കാക്കുന്നത്. ഇവിടെയാകും ജുൻജുൻവാലയും ഭാര്യയും സകലവിധ സുഖസൗകര്യങ്ങളോടെയും അന്തിയുറങ്ങുക. കിടപ്പുമുറിയും ഡ്രസിംഗ് റൂമും അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ബാത്ത്‌റൂമും സ്വീകരണമുറിയുമൊക്കെയുണ്ടാകും.

പതിനൊന്നാം നില മക്കൾക്കായി നൽകിയിരിക്കുകയാണ്. മൂന്നു മക്കളാണുള്ളത്. ഓരോരുത്തർക്കും ഓരോ റൂമുകൾ വീതം മാറ്റി വച്ചിട്ടുണ്ട്. നാലാം നില പൂർണമായും അതിഥികൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. വലിയൊരു സ്വീകരണ മുറിയാണ് ഈ നിലയിലെ ഹൈലൈറ്റ്. എൽ ആകൃതിയിലുള്ള അടുക്കള വീട്ടിലെ മറ്റൊരു പ്രത്യേകത.

ഒന്നും രണ്ടും മൂന്നും നിലകളിൽ ചെറുതല്ലാത്ത ഒന്നിലധികം മുറികളും ബാത്ത് റൂമുകളും നൽകിയിട്ടുണ്ട്. വീട്ടുപണിക്കാർക്കും സഹായികൾക്കുമായുള്ളതാണ് ആ മുറികൾ. ഗ്രൗണ്ട് ഫ്ലോറിൽ മൂന്ന് നിലകളുള്ള ലോബിയും ഫുട്‌ബോൾ കോർട്ടും ഒരു റെസ്റ്റോറന്റുമുണ്ടാകും. ഒരു നില പൂർണമായും സ്റ്റോറേജ് ആവശ്യങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്.

ഇതിനൊക്കെ പുറമേ ബാങ്ക്വറ്റ് ഹാൾ, നീന്തൽക്കുളം, ജിം, ഹോം തീയേറ്റർ എന്നിവയെല്ലാമുണ്ടാകും. വീടിന് പുറത്ത് മനോഹരമായ ഉദ്യാനവും പിസ കൗണ്ടറും പച്ചക്കറിത്തോട്ടവും എല്ലാമുണ്ടാകും. ഏറ്റവും താഴത്തെ നിലയിലായി പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏഴ് പാർക്കിംഗ് സ്ലോട്ടുകളാണ് നിർമ്മിച്ചിട്ടുള്ളത്.