
പേരിൽ തന്നെ കൗതുകമുണർത്തുന്ന സിനിമയാണ് സൂപ്പർ ശരണ്യ. പേരുണ്ടാക്കിയ കൗതുകം ട്രെയിലറും ഗാനങ്ങളു ഇറങ്ങിയപ്പോൾ വളർന്നതേയുള്ളൂ. ബോയ്സ് ഹോസ്റ്റലും കലാലയ ജീവിതവും ഒരുപാട് സിനികളുടെ വിഷയമായി വന്നുവെങ്കിലും ഗേൾസ് ഹോസ്റ്റൽ ചുറ്റിപ്പറ്റി ഒരു ഫൺ സിനിമ മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. പ്രത്യേകിച്ച് പെൺകുട്ടികളുടെ കാഴ്ച്ചപ്പാടിൽ നിന്നൊരു സിനിമ. തണ്ണീർമത്തൻ ദീനങ്ങൾ എന്ന ഹിറ്റ് സിനിമയുടെ സംവിധായകൻ ഗിരീഷ് എ.ഡി. ഇത്തരമൊരു പശ്ചാത്തലത്തിലെ ഫൺ സിനിമയൊരുക്കിയിരിക്കുകയാണ് 'സൂപ്പർ ശരണ്യ'യിലൂടെ.

നമ്മൾ കണ്ട് പരിചയിച്ച കഥാസന്ദർഭങ്ങളും റിലേറ്റബിൾ ആയ കഥാപാത്രങ്ങളും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത സിനിമയായിരുന്നു തണ്ണീർമത്തൻ ദീനങ്ങൾ. സൂപ്പർ ശരണ്യയും സമാനമായ രീതിയിൽ കഥ പറയുന്ന ചിത്രമാണ്. 'തണ്ണീർമത്തനി'ൽ ഒരു സ്കൂളും അവിടെ നടക്കുന്ന സംഭവങ്ങളുമാണ് കഥയ്ക്ക് വിഷയമായതെങ്കിൽ ഇവിടെ ഒരു എഞ്ചിനീയറിംഗ് കോളേജും ഹോസ്റ്റലും പ്രണയവും ഒക്കെയാണ് കഥയാവുന്നത്. പാലക്കാടിലെ ഒരു ഗ്രാമത്തിൽ നിന്ന് തൃശ്ശൂരിൽ പഠിക്കാൻ വരുന്ന സാധാരണക്കാരിയായ പെൺക്കുട്ടിയാണ് ശരണ്യ. അന്തർമുഖയായ ശരണ്യയെ നാട്ടിലും ഹോസ്റ്റലിലെ സുഹൃത്തുക്കളും സൂപ്പർ ശരണ്യ എന്ന് വിളിക്കുന്നുണ്ട്. എന്നാൽ അതിന്റെ കാരണമെന്താണെന്ന് സിനിമയുടെ ആദ്യാവസാനം പറയുന്നില്ല എന്നത് മറ്റൊരു വിഷയം. തൊടുന്നതും പിടിക്കുന്നതുമെല്ലാം അബദ്ധമാകുന്ന ശരണ്യയ്ക്ക് നാട് വിട്ട് പഠിക്കാൻ പോയപ്പോൾ അവിടെ കാത്തിരുന്നത് റാഗിംഗും കോളേജിലെ ചില പ്രശ്നങ്ങളുമാണ്. ഹോസ്റ്റലിലെ സുഹൃത്തുക്കളാണ് ആകെ എടുത്ത് പറയാവുന്ന ഒരു പോസിറ്റിവ്. അങ്ങനെ അല്ലറ ചില്ലറ പ്രശ്നങ്ങളുമായി പോയ ശരണ്യയുടെ ജീവിതത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് ദീപുവിന്റെ കടന്നു വരവ്.

ശരണ്യയുടെ സുഹൃത്തായ സോണയുമായി വഴിയരികിൽ വെച്ചുണ്ടായ തർക്കത്തിലൂടെയാണ് ദീപുവിന്റെ രംഗപ്രവേശം. ശരണ്യയെ കണ്ടപ്പോൾ തന്നെ ഇഷ്ടം തോന്നിയ ദീപു ഇൻസ്റ്റഗ്രാം വഴി അവളുമായി സൗഹൃദത്തിലാകുന്നു. ഈ സൗഹൃദം പിന്നീട് പ്രണയമാകുന്നതും അവരുടെ തുടർന്നുള്ള ജീവിതവുമാണ് ചിത്രത്തിന്റെ ബാക്കിപത്രം.
എതൊരാളുടെയും ജീവിതത്തിൽ സാധാരണയായി നടക്കാവുന്ന സംഭവങ്ങളാണ് 'സൂപ്പർ ശരണ്യ'യിൽ കാണിക്കുന്നത്. അത് കൊണ്ട് തന്നെ സീനുകൾ പലതും നമ്മുടെ പലരുടെയും നടന്നതായി തോന്നാം. തണ്ണീർമത്തൻ ദീനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച അതേ ഫോർമുല തന്നെയാണ് ഈ ചിത്രത്തിലും അവലംബിച്ചിരിക്കുന്നത്. തണ്ണീർമത്തൻ ദീനങ്ങളിൽ സിറ്റുവേഷണൽ കോമഡിയും അഭിനേതാക്കളുടെ പെർഫോമൻസുമാണ് ചിത്രത്തിലെ ഫൺ ഫാക്ടറായി വരുന്നത്. സൂപ്പർ ശരണ്യയിലും അഭിനേതാക്കൾ മികച്ച പ്രകടനമാണ് നടത്തിയത്. ശരണ്യയായി അനശ്വര രാജനും, ദീപുവായി അർജുൻ അശോകനും, സോണയായി മമിത ബൈജുവും മികച്ചു നിന്നു. ഒരുപക്ഷേ നായികയേക്കാൾ മിന്നിയത് സുഹൃത്തിന്റെ വേഷത്തിലെത്തിയ മമിതയാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. നസ്‍ലെന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, വരുൺ ധാര, വിനീത് വാസുദേവൻ, ബിന്ദു പണിക്കർ, സ്നേഹ ബാബു തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തന്റെ പ്രകടനത്തിലൂടെയും കോമഡി ടൈമിംഗിലൂടെയും പ്രേക്ഷകശ്രദ്ധ നേടി നസ്‍ലെന്‍ഈ ചിത്രത്തിലും രസികൻ പ്രകടനമാണ് നടത്തിയത്.

അഭിനേതാക്കൾ മികച്ച് നിന്നപ്പോഴും സിനിമയെ അല്പം പിന്നോട്ടേക്കടിച്ചത് തമാശയുടെ കുറവാണ്. വലിയ കഥയോ താത്പര്യമുണർത്തുന്ന കഥാസാഹചര്യങ്ങളോ അവകാശപ്പെടാനില്ലാത്ത ചിത്രത്തിൽ പ്രേക്ഷകനെ നിരന്തരം രസിപ്പിക്കേണ്ടതാവണം സെല്ലിംഗ് പോയിന്റ്. ഇത് വേണ്ടത്ര ഏശിയില്ല എന്നതാണ് പ്രധാന പോരായ്മ. ചിത്രം പലയിടത്തും രസിപ്പിക്കുന്നുണ്ടെങ്കിലും ആ രസച്ചരട് മുറിയാതെ പ്രേക്ഷകനുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന തോന്നലുണർത്തുന്നുണ്ട്.
ചിത്രം ടെക്നിക്കലി മികച്ച നിലവാരം പുലർത്തി. സജിത്ത് പുരുഷന്‍ ആണ് ഛായാഗ്രഹണം, ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നിർവഹിച്ച ഗാനങ്ങൾ സിനിമയുടെ റിലീസിന് മുൻപ് തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.
എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ കെ സി സിദ്ധാര്‍ഥന്‍, ശങ്കരന്‍ എ എസ്, സൗണ്ട് മിക്സിംഗ് വിഷ്‍ണു സുജാതന്‍, കലാസംവിധാനം നിമേഷ് എം താനൂര്‍.
പെൺകുട്ടികളുടെ കാഴ്ച്ചപ്പാടിൽ നിന്ന് തീർത്തും റിയലിസ്റ്റികായ ചിത്രമാണ് ഗിരീഷ് എ.ഡി ഒരുക്കിയിരിക്കുന്നത്. സൗഹൃദം, പ്രണയം, ചില കഥാപാത്രങ്ങളും സന്ദർഭങ്ങളും കൊണ്ട് വരുന്ന നർമ്മവുമാണ് ചിത്രത്തിലുള്ളത്. ഭയങ്കരമായ കഥയോ ട്വിസ്റ്റോ സ്റ്റണ്ടോ ഒന്നും ഇല്ലാത്ത ഒരു എന്റർറ്റെയിനറാണ് സൂപ്പർ ശരണ്യ. ചിത്രത്തിന്റെ കഥ ഒരുക്കിയതും സംവിധായകനായ ഗിരീഷ് തന്നെ. ഷെബിന്‍ ബെക്കറിനൊപ്പം ചേര്‍ന്ന് ഗിരീഷ് എ ഡി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.