മുംബയ്: സിനിമാ മേഖലയിൽ എത്തുന്ന ഒട്ടുമിക്കപ്പേരും തങ്ങളുടെ ലുക്കും സ്റ്റൈലും ഒക്കെ മാറ്റുന്നത് പതിവാണ്. രൂപത്തിൽ മാത്രമല്ല പേരിലും മാറ്റം വരുത്തുന്ന സെലിബ്രിറ്റികളും നിരവധി. ചിലർ സിനിമയിൽ പ്രശസ്തരാകുന്നതിന് വേണ്ടി പേര് മാറ്റുമ്പോൾ മറ്റ് ചിലർ പേരിന്റെ നീളം കൊണ്ടാകാം ഇതിനൊരുങ്ങുന്നത്. ഒരേ പേരുമായി മറ്റാരെങ്കിലും ഉണ്ടെങ്കിലും സെലിബ്രിറ്റികൾ പുതിയ പേര് തിരഞ്ഞെടുക്കാറുണ്ട്. അങ്ങനെ പേര് മാറ്റിയ മിക്ക അഭിനേതാക്കളെയും നമുക്കറിയാം.എന്നാൽ അധികം ആർക്കുമറിയാത്ത പേരുമാറ്റങ്ങളും സിനിമാ മേഖലയിൽ ഉണ്ട്. ബി ടൗണിലെ അത്തരം ചില പേരുമാറ്റങ്ങൾ അറിയാം.
തബു
ബോളിവുഡിലെ മികച്ച അഭിനയ പ്രതിഭകളിൽ ഒരാളാണ് തബു. പേരും വ്യത്യസ്തം അല്ലേ? എന്നാൽ തബുവിന്റെ യഥാർത്ഥ പേര് ഇതല്ല. തബസും ഹാഷ്മി തബുവായി മാറുകയായിരുന്നു. അഭിനയത്തിലേയ്ക്ക് ചുവടുവയ്ച്ചപ്പോഴാണ് തബു തന്റെ പേര് മാറ്റിയത്.
സണ്ണി ലിയോൺ
ഒന്റാരിയോയിലെ സിഖ് കുടുംബത്തിൽ ജനിച്ച സണ്ണി ലിയോണിന്റെ ഒറിജിനൽ പേര് കരൺജിത്ത് കൗർ വോഹ്‌റ എന്നാണ്. തന്റെ സഹോദരന്റെ പേര് കടമെടുത്തുകൊണ്ടാണ് 19ാമത്തെ വയസിൽ സിനിമാ മേഖലയിലേയ്ക്ക് സണ്ണി കടക്കുന്നത്. അമേരിക്കൻ മാഗസിനായ പെന്റ്ഹൗസിന്റെ പെന്റ്ഹൗസ് പെറ്റ് ഒഫ് ദി ഇയർ പുരസ്കാരം 2003ൽ സണ്ണി സ്വന്തമാക്കിയിരുന്നു. ഈ മാഗസിനിന്റെ സ്ഥാപകനായ ബോബ് ഗുസിയോണാണ് സണ്ണിയോടൊപ്പം ലിയോണി ചേർത്തത്.
പ്രീതി സിന്റ
ഷിംലയിലെ സിഖ് കുടുംബത്തിൽ ജനിച്ച പ്രീതിയുടെ യഥാർത്ഥ പേര് പ്രീതം സിംഗ് സിന്റ എന്നാണ് .
രേഖ
ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായികയായ രേഖയുടെ യഥാർത്ഥ പേര് ഭാനുരേഖ ജമിനി ഗണേഷൻ എന്നാണ്. ബോളിവുഡിൽ സിനിമാജീവിതം ആരംഭിക്കുന്നതിന് മുൻപാണ് ഭാനുരേഖ എന്ന പേര് ചുരുക്കി രേഖ എന്ന പേര് സ്വീകരിക്കുന്നത്. അഭിനയപ്രതിഭയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
ശ്രീദേവി
ബോളിവുഡിലെ ആദ്യ ലേഡിസൂപ്പർ സ്റ്റാറായ ശ്രീദേവിയുടെ പേര് ശ്രീ അമ്മ യാംഗർ അയ്യപ്പൻ എന്നായിരുന്നു.
ശിൽപ ഷെട്ടി
അശ്വിനി എന്ന ശിൽപ്പ ഷെട്ടിയുടെ യഥാർത്ഥ പേര് മാറ്റി ശിൽപ്പയെന്നാക്കിയത് അമ്മ സുനന്ദ ഷെട്ടിയാണ്. ന്യൂമറോളജി പ്രകാരം ജ്യോതിഷ പ്രവർത്തകയായ സുനന്ദ ഷെട്ടി പേര് മാറ്റുകയായിരുന്നു.
ആയുഷ്‌മാൻ ഖുറാന
റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ആയുഷ്‌മാൻ എം ടി വി ഇന്ത്യയിൽ വിജെ ആയതോടുകൂടിയാണ് പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങുന്നത്. തുടർന്ന് ഇന്ത്യയിലെ മികച്ച അവതാരകരിൽ ഒരാളായി വളർന്ന ആയുഷ്‌മാൻ വിക്കി ഡോണർ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് ബോളിവുഡിലേയ്ക്ക് എത്തുന്നത്. നിഷാന്ത് ഖുറാന എന്നായിരുന്നു ആദ്യം വീട്ടുകാർ നൽകിയ പേര്. മൂന്ന് വയസുള്ളപ്പോൾ പിതാവാണ് ഇത് മാറ്റി ആയുഷ്‌മാൻ ഖുറാന എന്നാക്കിയത്.
കിയാര അദ്‌വാനി
ബോളിവുഡിലെ ബിഗ് ഖാൻമാരിൽ ഒരാളായ സൽമാൻ ഖാനാണ് ആലിയ അദ്‌വാനി എന്ന യഥാർത്ഥ പേര് മാറ്റണമെന്ന് കിയാരയോട് അഭിപ്രായപ്പെടുന്നത്. ആലിയ ഭട്ട് ഉള്ളതിനാൽ ഒരേ ഇൻഡസ്ട്രിയിൽ ഒരേ പേരിൽ രണ്ട് പേർ ഉള്ളത് നല്ലതല്ലെന്ന സൽമാന്റെ നിർദേശത്തെത്തുടർന്നാണ് ആലിയ കിയാരയാകുന്നത്.
സെയിഫ് അലി ഖാൻ
ക്രിക്കറ്റർ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ഷർമിള ടാഗോറിന്റെയും മകനായ സെയിഫ് അലി ഖാന് അച്ഛനമ്മമാർ നൽകിയ പേര് സാജിദ് അലി ഖാൻ എന്നാണ്.
ടൈഗർ ഷ്‌റോഫ്
കുഞ്ഞായിരുന്നപ്പോൾ കടുവയെപ്പോലെ കടിക്കുമായിരുന്നതിനാൽ പിതാവായ ജാക്കി ഷ്‌റോഫ് കുട്ടിക്കാലത്ത് മകന് നൽകിയ പേരാണ് ടൈഗർ. ഒറിജിനൽ പേര് ജയ് ഹേമന്ത് ഷ്‌റോഫ്. സിനിമയിൽ കരിയർ ആരംഭിച്ചപ്പോഴാണ് പേരിന് മാറ്റം നൽകിയത്.
സണ്ണി ഡിയോൾ
ബോളിവുഡിലെ പവർസ്റ്റാറായ സണ്ണി ഡിയോളിന്റെ യഥാർത്ഥ പേര് പേര് അജയ് സിംഗ് ഡിയോൾ എന്നായിരുന്നു.
അക്ഷയ് കുമാർ
തന്റെ ആദ്യ സിനിമയായ 'ആജി'ലെ കഥാപാത്രത്തിന്റെ പേരാണ് രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരിന് പകരമായി അക്ഷയ് കുമാർ തിരഞ്ഞെടുത്തത്. അക്ഷയ് എന്ന ആയോധന കലാ പരിശീലകനായായിരുന്നു അക്ഷയ് കുമാർ തന്റെ ആദ്യ സിനിമയിൽ എത്തിയത്.
ജോൺ എബ്രഹാം
ബോളിവുഡിലെ മോസ്റ്റ് സ്റ്റൈലിസ്റ്റ് താരങ്ങളിലൊരാളായ ജോൺ എബ്രഹാമിന്റെ ഒറിജിനൽ പേര് ഫർഹാൻ എബ്രഹാം എന്നായിരുന്നു.