jail

ന്യൂഡൽഹി: തടവുപുള്ളി മൊബൈൽഫോൺ വിഴുങ്ങി. തീഹാർ ജയിലിൽ ഒന്നാം ബ്ലോക്കിലെ തടവുകാരനാണ് പരിശോധനയ്ക്കിടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഫോൺ വിഴുങ്ങിയത്. സംശയം തോന്നിയ ജീവനക്കാർ ഇയാളെ ഉടൻതന്നെ ജയിൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ഫോൺ ഉള്ളിലുണ്ടെന്ന് വ്യക്തമായതോടെ പുറത്തുള്ള മറ്റൊരു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തടവുപുള്ളിയുടെ ആരോഗ്യനിലയിൽ ഇതുവരെ കുഴപ്പമൊന്നുമില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.

ഇരുപത്തിനാലുമണിക്കൂറിനുശേഷവും മൊബൈൽഫോൺ പുറത്തുവന്നിട്ടില്ല. സ്വാഭാവികമായി പുറത്തുവരാനുള്ള സാദ്ധ്യത കുറവാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

തടവുകാർ മൊബൈൽ ഫോൺ അടക്കമുള്ള നിരോധിത വസ്‌തുക്കൾ ജയിലിനുള്ളിലേക്ക് കടത്തുന്നുണ്ടോ എന്നറിയാൻ പതിവായി പരിശോധന നടത്താറുണ്ട്. ഇത്തരത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങിയത്.പരിശോധനയ്ക്കിടയിൽ പിടിക്കപ്പെടാതിരിക്കാൻ മലദ്വാരത്തിലും ചെരിപ്പിനുള്ളിലുമൊക്കെ ഫോണുകൾ ഒളിപ്പിക്കാറുണ്ടെങ്കിലും വിഴുങ്ങുന്നത് അപൂർവമാണെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ഫോണുകളും ലഹരിമരുന്നും തടവുകാർക്ക് എത്തിച്ചുകൊടുക്കുന്ന പ്രത്യേക സംഘങ്ങൾ തന്നെയുണ്ട്. കൊടുംക്രിമിനലുകൾക്കാണ് ഇത്തരം സഹായങ്ങൾ കൂടുതൽ ലഭിക്കുന്നത്.