dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിനെതിരെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിചാരണക്കോടതി നടപടിക്കെതിരായ പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍.

വെളിപ്പെടുത്തലും കേസും തമ്മിൽ എന്താണ് ബന്ധം, അത് എങ്ങനെയാണ് കേസിനെ ബാധിക്കുന്നതെന്നും ചോദിച്ച കോടതി പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടായ പാളിച്ചകൾ മറികടക്കുന്നതിനാവരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് എന്നും വ്യക്തമാക്കി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി പറഞ്ഞു.

കേസ് അട്ടിമറിക്കാൻ നടൻ ദിലീപ് ഉൾപ്പടെയുള്ളവർ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ശബ്ദരേഖകൾ അടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തിയത്. വെളിപ്പെടുത്തൽ പ്രോസിക്യൂഷന് ഏറെ സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ.

വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഈ മാസം 12ന് രഹസ്യ മൊഴി എടുക്കും. ഇതിനായി ബാലചന്ദ്രകുമാറിന് കോടതി സമൻസ് അയച്ചു. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ആണ് മൊഴി രേഖപ്പെടുത്തുക.