
ന്യൂഡൽഹി: പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രം പുറത്തു വരുന്നു. ജീവചരിത്രം തയ്യാറാക്കാനുള്ള അവകാശം ലഭിച്ചത് മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥൻ തോമസ് മാത്യുവിനാണ്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നും വിരമിച്ച വ്യക്തിയാണ് തോമസ് മാത്യു. പുസ്തകം രചിക്കുന്നതിനായി കഴിഞ്ഞ കുറച്ചു വർഷങ്ങളായി രത്തൻ ടാറ്റയുടെ സ്വകാര്യ പേപ്പറുകളും കത്തിടപാടുകളും ഫോട്ടോഗ്രാഫുകളുമെല്ലാം മാത്യുവിന് ലഭിക്കുമായിരുന്നു.
രത്തൻ ടാറ്റയുടെ ബാല്യകാലം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ജീവചരിത്രത്തിൽ വിശദീകരിക്കുന്നുണ്ട്. ടാറ്റയുടെ സ്റ്റീൽ ലിമിറ്റഡ് ഏറ്റെടുക്കൽ, ടാറ്റാ നാനോ പ്രോജക്ട്, മുൻ ചെയർമാൻ സൈറസ് മിസ്തിയെ നീക്കിയത് തുടങ്ങി റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
രണ്ട് കോടി രൂപയ്ക്ക് പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം സ്വന്തമാക്കിയത് ഹാർപ്പർ കോളിൻസിനാണ്. കഥേതര വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണിത്. പുസ്തകത്തിന്റെ പ്രിന്റ്, ഇ ബുക്ക്, ഓഡിയോബുക്ക് എന്നിവയുടെയെല്ലാം വിൽപ്പനാവകാശങ്ങൾ ചേർത്ത് രണ്ട് കോടിയിലധികം രൂപയ്ക്കാണ് കരാറായിട്ടുള്ളത്. രണ്ട് ഭാഗങ്ങളിലായാണ് പുസ്തകം ഇറങ്ങുന്നത്.