sureshgopi

തൃശ്ശൂർ: സല്യൂട്ട് വിവാദം വീണ്ടും പരാമർശിച്ച് സുരേഷ്‌ഗോപി എം പി. പുത്തൂരിൽ ജനങ്ങൾക്ക് ഭീഷണിയായ മരം മുറിച്ച് മാറ്റേണ്ടതിന്റെ ആവശ്യകത അധികൃതരുടെ ശ്രദ്ധയിൽകൊണ്ടുവരാനാണ് താൻ അന്ന് പ്രദേശം സന്ദർശിച്ചെതെന്ന് അദ്ദേഹം പറഞ്ഞു.

മരങ്ങളുടെ ഭീഷണി സമൂഹ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് പകരം താൻ സല്യൂട്ട് ചോദിച്ചു വാങ്ങിയെന്നതാണ് മാദ്ധ്യമങ്ങൾ വിവാദമാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ആ മരം എന്തുകൊണ്ട് എടുത്ത് മാറ്റിയില്ലെന്ന് വിളിച്ച് അന്വേഷിച്ചതിന് സല്യൂട്ട് ചോദിച്ചുവെന്ന് വിവാദമുണ്ടാക്കി താൻ ഉയർത്തിപിടിച്ച വിഷയത്തിന്റെ അന്തസത്ത നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'താൻ പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറിച്ചെന്ന് എഴുന്നേല്‍ക്കടോ,​സല്യൂട്ട് ചെയ്യടോ എന്നൊന്നും പറഞ്ഞില്ലല്ലോ' എന്നും സുരേഷ്ഗോപി പരിഹസിച്ചു.

പുത്തൂർ പഞ്ചായത്തിലെ ചുഴലിക്കാറ്റിൽ നാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ സുരേഷ്ഗോപി ഒല്ലൂർ സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ ആന്റണിയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഞാനൊരു എം.പിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാൻ മേയർ അല്ല' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെ തുടർന്ന് എസ്.ഐ സല്യൂട്ട് അടിച്ചിരുന്നു.