
ന്യൂയോർക്ക്: ഒരു വർഷം മുൻപ് യു.എസിനെ വിറപ്പിച്ച ക്യാപിറ്റോൾ ആക്രമണ വേളയിൽ ബോംബ് സ്ഫോടനത്തിൽ നിന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ജനുവരി 6 ന് കലാപകാരികൾ വാഷിംഗ്ടണിലെ നാഷണൽ ഡെമോക്രാറ്റിക് കമ്മിറ്റി ആസ്ഥാനത്ത് 2 പൈപ്പ് ബോംബുകൾ സ്ഥാപിച്ചിരുന്നു. ഈ സമയത്ത് ഒരു ക്ലാസിഫൈഡ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി ബ്രീഫിംഗിനായി താൻ അന്ന് രാവിലെ അവിടെ ഉണ്ടായിരുന്നുവെന്ന് കമല ഹാരിസ് പറഞ്ഞു. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് കമല ഇക്കാര്യം സ്ഥിരീകരിക്കുന്നത്. സുരക്ഷാ സേന ബോംബ് കണ്ടെത്തിയ ഉടനെ കമലയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി.തക്കസമയത്ത് ബോംബ് കണ്ടെത്തി നിർവീര്യമാക്കിയതോടെ വലിയൊരു അപകടമാണ് വഴി മാറിപ്പോയത്. നാഷണൽ ഡെമോക്രാറ്റിക് കമ്മിറ്റി ആസ്ഥാനത്ത് ബോംബ് കണ്ടെത്തിയത് അന്ന് വാർത്തയായിരുന്നെങ്കിലും അവിടെ കമലയുണ്ടായിരുന്നുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. പൈപ്പ് ബോംബ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ടെങ്കിലും സംഭവം നടന്ന് ഒരു വർഷമായിട്ടും കുറ്റവാളിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുറ്റവാളിയെന്ന് സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടും ഫലമുണ്ടായില്ല. ഇതോടെ പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം യു.എസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.