ggyjh

വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യു.എസ് കാപിറ്റോൾ അതിക്രമത്തിന്റെ ഒന്നാം വാർഷിക വേളയിൽ മുൻ പ്രഡിഡന്റ് ഡോണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ജോ ബൈഡൻ. യു.എസിലെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് തന്റെ മുൻഗാമിയായിൽ നിന്നുണ്ടായതെന്ന് ബൈഡൻ വിമർശിച്ചു. സത്യമെന്താണ് അസത്യമെന്താണെന്ന് തിരിച്ചറിയാനുള്ള കഴിവാണ് നമുക്കെല്ലാവർക്കും ആദ്യം വേണ്ടത്. 2020ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് നുണകൾ പ്രചരിപ്പിച്ചു. അദ്ദേഹം ഇങ്ങനെ ചെയ്തതിന് കാരണം തത്വങ്ങളേക്കാൾ അദ്ദേഹം അധികാരത്തിന് പ്രാധാന്യം നല്കിയതു കൊണ്ടാണ്. ട്രംപ് അനുകൂലികൾ ആക്രമിച്ച നാഷനൽ സ്റ്റാച്വറി ഹാളിൽ നടന്ന പരിപാടിയിൽ ട്രംപിന്റെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു ബൈഡന്റെ വിമർശനം. ഒരു വർഷം മുൻപ് പാവനമായ ഈ സ്ഥലം ആക്രമിക്കപ്പെട്ടു. ജനാധിപത്യവും ജനഹിതവും ചോദ്യം ചെയ്യപ്പെട്ടു. നമ്മുടെ ഭരണ ഘടന വെല്ലുവിളിക്കപ്പെട്ടു. അമേരിക്കൻ ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രസിഡന്റ് സമാധാനപരമായ ഭരണക്കൈമാറ്റത്തിന് വിസമ്മതിക്കുകയും കലാപം ടെലിവിഷനിൽ കൂടി മണിക്കൂറുകളോളം കണ്ടാസ്വദിക്കുകയും ചെയ്തു. ഇത്തരം പ്രവർത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ല - ബൈഡൻ പറഞ്ഞു.

അതേ സമയം തന്റെ പേര് പറഞ്ഞ് അമേരിക്കയെ വിഭജിക്കാനാണ് ബൈഡൻ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. പ്രസിഡന്റെന്ന നിലയിൽ തന്റെ പരാജയം മറയ്ക്കാനുള്ള രാഷ്ട്രീയ നാടകമാണ് ബൈഡൻ നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.