
തൃശൂർ: ശക്തൻ മാർക്കറ്റിൽ എം പി ഫണ്ടിൽ നിന്നുള്ള ഒരുകോടി രൂപ ഉപയോഗിച്ച് ചെയ്യുന്ന നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കാൻ സുരേഷ് ഗോപി എം പി ഇന്ന് നേരിട്ടെത്തി. മാർക്കറ്റ് സന്ദർശിക്കുന്നതിനിടെ മീൻമാർക്കറ്റിൽ എത്തിയ അദ്ദേഹം വിലചോദിച്ച് മീൻ വാങ്ങുകയും ചെയ്തു.
മാർക്കറ്റിലെത്തിയതോടെ അദ്ദേഹത്തെ മീൻ കച്ചവടക്കാർ സുരേഷേട്ടാ എന്ന വിളിയുമായി പൊതിയുകയായിരുന്നു.ഇങ്ങോട്ട് വായേ എന്ന് അവർ മത്സരിച്ച് വിളിക്കുകയും ചെയ്തു. . എല്ലാവരെയും അഭിവാദ്യം ചെയ്തശേഷം തൊട്ടടുത്തുള്ള ഒരു കച്ചവടക്കാരന്റെ അടുത്തെത്തി മീനുകളുടെ പേരും വിലയുമെല്ലാം ചോദിച്ചുമനസിലാക്കി. തുടർന്നാണ് നെയ്‌മീൻ വാങ്ങിയത്. അദ്ദേഹം വാങ്ങിയ മീനിന് ആറരകിലോയോളമായിരുന്നു തൂക്കം . മൂവായിരം രൂപയ്ക്ക് അടുത്ത് വിലയും പറഞ്ഞു. പോക്കറ്റിൽ നിന്നും പണമെടുത്ത് പറഞ്ഞതിൽ കൂടുതൽ തുക നൽകിയ ശേഷം ബാക്കി പണം കൊണ്ട് മറ്റുള്ളവർക്കെന്തെങ്കിലും വാങ്ങി നൽകാനും അദ്ദേഹം നിർദ്ദേശിച്ചു.

മീനിനെ കൈയിലെടുത്ത് പിടിച്ച് ഫോട്ടോയ്ക്കുപോസുചെയ്യുകയും ചെയ്തു. ഫോട്ടോഗ്രാഫർ മതിയാവോളം ചിത്രങ്ങളും പകർത്തി.