dtfyt

വാഷിംഗ്ടൺ: ഹോളിവുഡ് സംവിധായകനും നടനും സിനിമാ നിരൂപകനും എഴുത്തുകാരനുമായ പീറ്റർ ബൊഗ്‌ഡനൊവിച്ച് (82) അന്തരിച്ചു. ലോസാഞ്ചൽസിലെ സ്വവസതിയിൽ വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. പീറ്ററിന്റെ മകൾ അന്റോണിയ ബൊഗ്ഡനോവിച്ചാണ് മരണവിവരം പുറത്തു വിട്ടത്. 1939 ജൂലായ് 30 ന് ന്യൂയോർക്കിലെ കിംഗ്സ്റ്റണിലായിരുന്നു പീറ്ററിന്റെ ജനനം. കുട്ടിക്കാലം മുതൽ സിനിമകൾ കാണുന്നതിൽ വലിയ താത്പ്പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം,​ ഔദ്യോഗിക വിദ്യാഭ്യാസത്തിന് ശേഷം ഫിലിം ജേണലിസ്റ്റായും സിനിമാ നിരൂപകനായും സേവനമനുഷ്ഠിച്ചു. വോയേജ് ടു ദി പ്ലാനറ്റ് ഫ് പ്രീഹിസ്റ്റോറിക് വിമൺ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് ബൊഗ്‌ഡോനൊവിച്ച് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ടാർഗെറ്റ്സ്, ദ ലാസ്റ്റ് പിക്ചർ ഷോ, പേപ്പർ മൂൺ, ഡെയ്സി മില്ലർ,​ സെയിന്റ് ജാക്ക്, ഷി ഈസ് ഫണ്ണി ദാറ്റ് വേ,​ അറ്റ് ലോംഗ് ലാസ്റ്റ് ലവ് തുടങ്ങിയവ ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. 1971 ൽ പുറത്തിറങ്ങിയ ദ ലാസ്റ്റ് പിക്ചർ ഷോയ്ക്ക് മികച്ച സംവിധായകൻ,​ മികച്ച ചിത്രം എന്നിവയുൾപ്പെടെ 8 ഓസ്കാർ നോമിനേഷനുകളാണ് ലഭിച്ചത്. ഈ സിനിമയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ബാഫ്ത പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ നിരവധി സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.