ashes

സിഡ്നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ആസട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 /8 ഡിക്ളയേഡിനെതിരെ ഇംഗ്ലണ്ട് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിലെത്തി.

36 റൺസിനിടെ നാലു വിക്കറ്റുകൾ നഷ്ടമായിരുന്ന ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റിൽ 128 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജോണി ബെയർസ്‌റ്റോ (140 പന്തില്‍ നിന്ന് 3 സിക്‌സും 8 ഫോറുമടക്കം 103*) - ബെൻ സ്‌റ്റോക്ക്‌സ് (66)കൂട്ടുകെട്ടാണ് ഫോളോ ഓണിൽ നിന്ന് രക്ഷിച്ചത്.കളി നിറുത്തുമ്പോൾ ബെയർസ്‌റ്റോയ്‌ക്കൊപ്പം നാലു റൺസുമായി ജാക്ക് ലീച്ചാണ് കൂട്ട്. 158 റൺസ് പിന്നിലാണ് ഇപ്പോൾ ഇംഗ്ലണ്ട്.

മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 13 റൺസെന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഹസീബ് ഹമീദിന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. മിച്ചൽ സ്റ്റാർക്ക് ഹസീബിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

സ്‌കോർ 36-ൽ എത്തിയപ്പോൾ സ്‌കോട്ട് ബോളണ്ട് സാക്ക് ക്രൗളിയെ (18) മടക്കി. പിന്നാലെ അതേ സ്‌കോറിൽ ഇംഗ്ലണ്ടിന് ജോ റൂട്ട് (0), ഡേവിഡ് മലാൻ (3) എന്നിവരെക്കൂടി നഷ്ടമായതോടെ അവർ നാലിന് 36 റൺസെന്ന സ്ഥിതിയിലായി.

തുടർന്നായിരുന്നു ഇംഗ്ലണ്ടിനെ കരകയറ്റിയ സ്റ്റോക്ക്‌സ് - ബെയർസ്‌റ്റോ കൂട്ടുകെട്ട്. ഇതിനിടെ 11 ഓവറുകളിലേറെ ഇംഗ്ലണ്ട് ഒരു റൺ പോലും സ്‌കോർ ചെയ്തില്ല. ഇരുവരും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് സ്‌കോർ ചലിക്കാൻ തുടങ്ങി. സ്‌കോർ 164-ൽ നിൽക്കേ സ്‌റ്റോക്ക്‌സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി നഥാൻ ലിയോണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 91 പന്തിൽ നിന്ന് ഒരു സിക്‌സും ഒൻപത് ഫോറുമടക്കം 66 റൺസായിരുന്നു സ്‌റ്റോക്ക്‌സിന്റെ സമ്പാദ്യം.

പിന്നാലെ റണ്ണൊന്നുമെടുക്കാതെ ജോസ് ബട്ട്‌ലറെയും ഇംഗ്ലണ്ടിന് നഷ്ടമായി. തുടർന്ന് ഏഴാം വിക്കറ്റിൽ ഒന്നിച്ച ബെയർസ്‌റ്റോ - മാർക്ക് വുഡ്(39) കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. ഇരുവരും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.