
പോഷക ഗുണങ്ങളാൽ സമ്പുഷ്ടമായ റാഗി മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും ഒരുപോലെ നല്ലതാണ്. പല അസുഖങ്ങൾക്കും പരിഹാര മാർഗമായ റാഗി പ്രമേഹം, കൊളസ്‌ട്രോൾ എന്നിവയ്ക്കും ഉത്തമം. റാഗിയുടെ ഏറ്റവും നല്ല ഗുണം ഇതിൽ ഗ്ലൂട്ടൻ ഇല്ലയെന്നതാണ്. പഠനമനുസരിച്ച് റാഗി സീറം ട്രൈഗ്ലിസറൈഡുകളുടെ സാന്ദ്രത കുറയ്ക്കുകയും ലിപിഡ് ഓക്സിഡേഷൻ, എൽ.ഡി.എൽ കൊളസ്ട്രോൾ ഓക്സിഡേഷൻ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. എൽ.ഡി.എൽ ചീത്ത കൊളസ്ട്രോൾ ആണ്, പ്രത്യേകിച്ചും അവ ഓക്സിഡൈസ് ചെയ്താൽ. ഓക്സിഡൈസ് ചെയ്യപ്പെട്ട എൽ.ഡി.എൽ രക്തക്കുഴലുകളെ ഉദ്ദീപിപ്പിക്കുകയും അത് ഹൃദയാഘാതത്തിലേക്കോ പക്ഷാഘാതത്തിലേക്കോ നയിക്കുകയും ചെയ്യുന്നു.
ഇതിലെ ഫൈബർ നമ്മളെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിറുത്താൻ സഹായിക്കുന്നു, അതിനാൽ അമിതഭക്ഷണം ഒഴിവാക്കാൻ സാധിക്കുന്നു. കുടലിന് വളരെ സഹായകരമായ റാഗി ലയിക്കാത്ത ഫൈബറിന്റെ സഹായത്താൽ ദഹനത്തെ ലഘൂകരിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കായി റാഗി ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.