gghgffggf

അൽമാറ്റി : ഇന്ധന വില വർദ്ധനവിനെ തുടർന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കാൻ പാടുപെടുന്ന കസാക്കിസ്ഥാനെ സഹായിക്കാൻ റഷ്യയുടെ നേതൃത്വത്തിൽ സൈന്യം രാജ്യത്തെത്തി. റഷ്യ, അർമേനിയ, ബലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളടങ്ങിയ കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ ആണ് സേനയെ അയച്ചത്. റഷ്യയുടെ നേതൃത്വത്തിൽ 2,500 സൈനികരാണ് രാജ്യത്തെത്തിയിരിക്കുന്നത്. റഷ്യൻ സേനയും രാജ്യത്തെ സുരക്ഷാസേനയും തന്ത്രപ്രധാനമായ പ്രദേശങ്ങളുടെ നിയന്ത്രണം പ്രക്ഷോഭകാരികളിൽ നിന്ന് തിരിച്ചു പിടിച്ചെന്നാണ് വിവരം. കലാപകാരികൾ ആധിപത്യം സ്ഥാപിച്ചിരുന്ന അൽമാറ്റി നഗരം റഷ്യൻ സേന നിയന്ത്രണത്തിലാക്കുകയും അൽമാറ്റി വിമാനത്താവളം തിരിച്ചു പിടിക്കുകയും ചെയ്തു. അതേ സമയം പ്രക്ഷോഭകാരികൾക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവയ്ക്കാൻ അധികാരം നല്കിക്കൊണ്ട് കസാക്കിസ്ഥാൻ പ്രസിഡന്റ് പ്രസിഡന്റ് കാസിം ജൊമാർട്ട് ടോകയേവ് ഉത്തരവിറക്കി. പ്രക്ഷോഭകാരികളുമായി യാതൊരു വിധ ചർച്ചയ്ക്കുമില്ലെന്നും അവർ ക്രിമിനലുകളാണെന്നും ടോകയേവ് ആരോപിച്ചു. വിദേശ പരിശീലനം ലഭിച്ച ഭീകരരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് ആവർത്തിച്ച പ്രസിഡന്റ് ഭീകരരെ തുരത്തുന്നതുവരെ പോരാട്ടം തുടരുമെന്നും കൂട്ടിച്ചേർത്തു. രാജ്യ വ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ ഇതുവരെ 26 അക്രമികളും 18 സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 3000 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. രാജ്യത്ത് പലയിടങ്ങളിലും വെടിവയ്പ്പും ഏറ്റുമുട്ടലുകളും തുടരുകയാണ്. കഴിഞ്ഞ ദിവസം സർക്കാർ മന്ദിരങ്ങളിൽ ഇരച്ചുകയറിയ പ്രക്ഷോഭകർ 2 പൊലീസുകാരെ തലയറുത്തു കൊന്നതായി റിപ്പോർട്ടുകളുണ്ട്. ഇതുവരെ ആയിരത്തിലധികം പ്രക്ഷോഭകർക്കും നാനൂറോളം സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്.കലാപകാരികൾ രാജ്യത്തെ ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കുന്നതായാണ് വിവരം. എന്നാൽ കൂടുതൽ സൈന്യമെത്തിയതോടെ സ്ഥിതിഗതികൾ എത്രയും വേഗം നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതേ സമയം സമാധാനപരമായ നീക്കങ്ങളിലൂടെ കസാക്കിസ്ഥാനെ സംരക്ഷിക്കുകയാണ് സേനയുടെ ലക്ഷ്യമെന്ന് റഷ്യ പ്രതികരിച്ചു. രാജ്യത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ കസാക്കിസ്ഥാൻ സർക്കാരിനെ സഹായിക്കുമെന്നും റഷ്യ കൂട്ടിച്ചേർത്തു. നഅതേ സമയം കസാക്കിസ്ഥാനിലെ സ്ഥിതിഗതികൾ സസുക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും യാതൊരു വിധത്തിലുള്ള മനുഷ്യാവകാശ ലംഘനവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുമെന്നും യു.എസ് പ്രതികരിച്ചു.