
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുളള 1,02,265 കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 20,307 ഡോസ് വാക്‌സിൻ നൽകിയ തൃശൂർ ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകിയത്. 10,601 പേർക്ക് വാക്‌സിൻ നൽകി ആലപ്പുഴ ജില്ല രണ്ടാമതും 9533 പേർക്ക് വാക്‌സിൻ നൽകി കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 3,18,329 കുട്ടികൾക്കാണ് വാക്‌സിൻ നൽകിയത്. ഇതുവരെ 21 ശതമാനം കുട്ടികൾക്ക് വാക്‌സിൻ നൽകാനായെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 6899, കൊല്ലം 8508, പത്തനംതിട്ട 5075, കോട്ടയം 7796, ഇടുക്കി 3650, എറണാകുളം 3959, പാലക്കാട് 8744, മലപ്പുറം 6763, കോഴിക്കോട് 5364, വയനാട് 2161, കാസർകോട് 2905 എന്നിങ്ങനേയാണ് കുട്ടികൾക്ക് വാക്‌സിൻ നൽകിയത്. കുട്ടികൾക്കായി 963 വാക്‌സിനേഷൻ കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 679 വാക്‌സിനേഷൻ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 1642 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 18 വയസിന് മുകളിൽ വാക്‌സിൻ എടക്കേണ്ട ജനസംഖ്യയുടെ 98.73 ശതമാനം പേർക്ക് (2,63,70,231) ഒരു ഡോസ് വാക്‌സിനും 81 ശതമാനം പേർക്ക് (2,15,57,419) രണ്ട് ഡോസ് വാക്‌സിനും നൽകി.
ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.