
മുതിർന്ന ഓരോ മനുഷ്യർക്കും പ്രകൃതിദത്തമായി തോന്നുന്നതാണ് ലൈംഗികചോദനകൾ. പുതിയകാലത്ത് ലൈംഗികമായ ഉത്തേജനത്തിനുവേണ്ടി പലരും പോൺ വീഡിയോകൾ കാണുന്ന ശീലമുളളവരുണ്ട്. ഇത്തരത്തിൽ കാണുന്ന പുരുഷന്മാർക്കായാലും സ്‌ത്രീകൾക്കായാലും കിടപ്പറയിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല എന്നാണ് ഗവേഷക ഫലങ്ങൾ. അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ കഴിഞ്ഞ വാർഷിക യോഗത്തിൽ ഇത്തരത്തിൽ പോൺ വീഡിയോകൾ അമിതമായി കാണുന്നത് യഥാർത്ഥ ജീവിതത്തിൽ ദമ്പതികൾ തമ്മിലെ ശാരീരികബന്ധത്തെയും വ്യക്തികളുടെ കിടപ്പറയിലെ പ്രകടനത്തെയും ദോഷമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
ഡോപാമൈൻ എന്ന സ്രവത്തിന്റെ ഉയർന്ന അളവിലുളള ഉൽപാദനത്തിന് അമിതമായ പോൺ അടിമത്വം കാരണമാകും. ഇത് ശരീരത്തിലെ റിവാർഡ് സംവിധാനത്തെ നശിപ്പിക്കുന്നതായും സ്വാഭാവികമായി പങ്കാളിയുമൊത്തുളള ലൈംഗികബന്ധത്തിൽ ആനന്ദം കണ്ടെത്താൻ കഴിയാതെ വരികയും ചെയ്യുമെന്ന് ഗംഗാറാം ആശുപത്രിയിലെ ക്ളിനിക്കൽ സൈക്കോളജ്സ്‌റ്റ് ആർതി ആനന്ദ് പറയുന്നു. അശ്ളീല വീഡിയോകളിലെ പോലെ ശാരീരിക ബന്ധം യഥാർത്ഥ ജീവിതത്തിലും പരീക്ഷിക്കാൻ ചിലർ ശ്രമിക്കുകയും അത് വിജയിക്കാതിരിക്കാനും ഇടയുണ്ടെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ശരീരാവയവങ്ങൾ പോൺ വീഡിയോയിലുളള നടീനടന്മാരുടെ പോലെയില്ലെന്നോ അവരുടെയത്ര കരുത്തില്ലെന്നോ ഉളള വിഷമവും നിരന്തരം പോൺ വീഡിയോ കാണുന്ന ചിലരിലുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു. ക്രമേണ വീഡിയോ കാണുന്നത് കുറച്ചും മറ്റ് ശാസ്‌ത്രീയമായ വഴികളിലൂടെയും ഇത്തരത്തിൽ പോൺ വീഡിയോ അടിമത്വത്തിൽ നിന്ന് മറികടക്കാനാകുമെന്നും ഇത് യഥാർത്ഥ ജീവിതത്തിലെ ശാരീരിക ബന്ധത്തിന് സഹായമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.