
കോഴിക്കോട്: ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ വെളളയിൽ സ്വദേശി മോഹൻദാസിന് ജാമ്യം. കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണം തുടരുന്നതായി കാട്ടി വെളളയിൽ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കോഴിക്കോട് നോർത്ത് ബീച്ചിൽ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. ബിന്ദു അമ്മിണിയെ മോഹൻദാസ് ആക്രമിക്കുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ വൈറലായിരുന്നു. തുടർന്ന് അന്വേഷണത്തിൽ പൊലീസ് ഇയാളെ കണ്ടെത്തി. പരിക്കേറ്റ നിലയിലായിരുന്ന ഇയാളോട് ചികിത്സ തേടാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതിനിടെ ബിന്ദു അമ്മിണി ഇയാൾക്കെതിരെ പരാതി നൽകിയതോടെയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. അതേസമയം ആദ്യം ബിന്ദു അമ്മിണി തന്നെയാണ് ആക്രമിച്ചതെന്ന് കാട്ടി മോഹൻദാസും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
സ്‌ത്രീത്വത്തെ അപമാനിക്കൽ, കൈയേറ്റം എന്നിവയുടെ പേരിലാണ് മോഹൻദാസിനെതിരായ കേസ്. ആക്രമണ സമയത്ത് മദ്യലഹരിയിലായിരുന്നു ഇയാൾ. എന്നാൽ ജോലിക്ക് ശേഷം ബീച്ചിൽ വിശ്രമിച്ച തന്നെ ബിന്ദു അമ്മിണിയാണ് മർദ്ദിച്ചതെന്നാണ് മോഹൻദാസ് പറയുന്നത്. ജാമ്യം നേടിയ മോഹൻദാസ് ജയിൽമോചിതനായി.