
കോട്ടയം: മെഡിക്കൽ കോളേജിലെ പ്രസവ വാർഡിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിലാണ് ഹാജരാക്കുക. നീതുവിന്റെ പരാതിയിലാണ് ബാദുഷയെ അറസ്റ്റ് ചെയ്തത്.
പണത്തിനുവേണ്ടി ബാദുഷ തന്നെയും മകനെയും ഉപദ്രവിച്ചിരുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ഇയാൾക്കെതിരെ വഞ്ചനാക്കുറ്റവും ഗാർഹിക-ബാലപീഡന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. നീതുവിൽ നിന്നും 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതിന് ഇയാളുടെ പേരിൽ പ്രത്യേകം കേസെടുത്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെയാണ് നീതുവും ഇബ്രാഹിമും പരിചയപ്പെട്ടത്. ഇരുവരും തമ്മിൽ രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. ഇതിനിടെ യുവതി ഗർഭിണിയായി. ഇത് അലസിപ്പോയതോടെ ഇബ്രാഹിം തന്നെ വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞിനെ സംഘടിപ്പിക്കാൻ നീതു തീരുമാനിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലെത്തി കുട്ടിയെ തട്ടിയെടുത്തു. യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ വനിതാ ജയിലിലേക്ക് മാറ്റും. മെഡിക്കൽ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും.