
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം തിരികെ കിട്ടിയ കുഞ്ഞിന് പേരിട്ടു. 'അജയ' എന്നാണ് പേര്. കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ് ഐ റെനീഷാണ് പേര് നിർദേശിച്ചത്. ജനനം മുതൽ പോരാടി വിജയിച്ചവളാണ് തന്റെ മകളെന്നും, അതിജീവിച്ചവൾ എന്ന അർത്ഥത്തിലാണ് അജയ എന്ന പേരിട്ടതെന്നും കുട്ടിയുടെ പിതാവ് എസ് ശ്രീജിത്ത് പറഞ്ഞു.
കുഞ്ഞും അമ്മ അശ്വതിയും ഇന്ന് ആശുപത്രി വിടും. ഉച്ചയ്ക്ക് ശേഷമായിരിക്കും അമ്മയും കുഞ്ഞും ആശുപത്രി വിടുക. എത്രയും വേഗം വീട്ടിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്ന് അശ്വതി ഇന്നലെ ആരോഗ്യമന്ത്രി വീണ ജോർജിനോട് പറഞ്ഞിരുന്നു.
അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.അതേസമയം സംഭവത്തിൽ ആശുപത്രിയ്ക്ക് വീഴ്ച ഉണ്ടായോ എന്നത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഇന്ന് മെഡിക്കൽ കോളേജിലെത്തും.