covid-19

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഒന്നരലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,374 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് കൊവിഡ് കേസുകളിൽ 21 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ മാത്രം 129 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് സ്ഥിതി ഏറ്റവും ഗുരുതരം. രാജ്യതലസ്ഥാനത്ത് താത്ക്കാലിക ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്.

മൂവായിരത്തിലധികം ഒമിക്രോൺ ബാധിതരാണ് രാജ്യത്തുള്ളത്. രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. ഞായറാഴ്ചകളിൽ തമിഴ്നാട്ടില്‍ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തരാഖണ്ഡില്‍ റാലികൾക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. വിദേശത്തുനിന്ന് വരുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്.