covid

പാലക്കാട്: കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോയമ്പത്തൂർ കളക്ടർ ഡോ. ജി എസ് സമീരൻ. ആവശ്യമായ രേഖകളുമായി എത്താത്തവർ മടങ്ങിപ്പോകേണ്ടി വരുമെന്നും കളക്ടർ അറിയിച്ചു.

യാത്രക്കായി എത്തുന്നവർ രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് ഫലം കൈയിൽ കരുതണമെന്നും ഡോ. ജി എസ് സമീരൻ വ്യക്തമാക്കി.

കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഒമിക്രോൺ രോഗികളുടെ എണ്ണം ദിവസവും വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാളയാർ, ഗോപാലപുരം, വേലംതാവളം, ഗോവിന്ദാപുരം, നടുപ്പുണി ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി. ഇട റോഡിലൂടെ സംസ്ഥാനത്ത് എത്തുന്നവരെ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഉണ്ടെന്നും കളക്ടർ അറിയിച്ചു. കേരളത്തിൽ നിന്നുവരുന്ന 99 ശതമാനം പേരും മതിയായ രേഖ കരുതുന്നുണ്ട്. മറ്റുള്ളവരെ തിരിച്ചയ്ക്കും. വിനോദ സഞ്ചാരത്തിന് ഉൾപ്പെടെ തമിഴ്നാട്ടിലേക്ക് എത്തുന്നവർ കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.