
ഫ്രാങ്ക്ഫർട്ട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ അദ്ധ്യാപകൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നാൽപത്തിരണ്ടുകാരനായ സെഫ്രാൻ ആണ് നാൽപത്തിമൂന്നുകാരനെ കൊലപ്പെടുത്തുകയും, മൃതദേഹം കഷണങ്ങളാക്കുകയും ചെയ്തത്.
പ്രതി 'നരഭോജി ഫാന്റസി'സാക്ഷാത്കരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും, തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ബെർലിൻ കോടതി പ്രിസൈഡിംഗ് ജഡ്ജി മത്തിയാസ് ഷെർട്‌സി പറഞ്ഞു.
ഒരു ജഡ്ജി എന്ന നിലയിൽ 30 വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം തന്റെ മുന്നിലെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധി കേട്ടപ്പോൾ പ്രതി നിശബ്ദനായിരുന്നു. മുഖത്ത് കുറ്റബോധമൊന്നുമില്ലായിരുന്നു.
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടയാളെ സെഫ്രൻ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. നാൽപത്തിമൂന്നുകാരൻ അവിടെ എത്തിയപ്പോൾ മയക്കുമരുന്ന് നൽകി. പ്രതിയും മയക്കുമരുന്നു ഉപയോഗിച്ചിരുന്നു. ബോധം നഷ്ടമായപ്പോൾ കഴുത്തുമുറിക്കുകയായിരുന്നു. ജനനേന്ദ്രിയം മുറിച്ച് തിന്നുകയും ചെയ്തു. മൃതദേഹം പിന്നീട് കഷണങ്ങളായി മുറിച്ച് ബെർലിനിലെ വടക്കുകിഴക്കൻ പാങ്കോ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു.
2020 സെപ്തംബറിൽ ഒരു പാർക്കിൽ നിന്ന് ശരീരഭാഗം കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കാണാതായ നാൽപത്തിമൂന്നുകാരന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞതോടെ, ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചു. ഇതിൽനിന്നാണ് സെഫ്രാനാണ് കൊലയ്ക്ക് പിന്നിലെന്ന് മനസിലായത്.
സ്വവർഗരതിയെക്കുറിച്ച് ആളുകൾ കണ്ടെത്തുമെന്ന് ഭയന്ന് പ്രതി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നായിരുന്നു അഭിഭാഷകർ ആദ്യം വാദിച്ചിരുന്നത്. എന്നാൽ സംഭവങ്ങളുടെ തുടക്കം മുതൽ അവസാനം വരെ അവിശ്വസനീയമാണെന്ന് ജഡ്ജി ഷെർട്‌സ് പറഞ്ഞു.വൃഷണങ്ങളുടെയും ലിംഗത്തിന്റെയും വളരെ ശ്രദ്ധാപൂർവമായ വേർതിരിക്കൽ ഒരു നരഭോജി ആചാരത്തിന്റെ തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി.