snow-world

തിരുവനന്തപുരം: തലസ്ഥാന നിവാസികളുടെയും സഞ്ചാരപ്രിയരുടെയും ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ ശംഖുമുഖം അതിഥികൾക്കായി പുത്തൻ കാഴ്ചാനുഭവം ഒരുക്കുന്നു. ചിത്രങ്ങളിലും സിനിമകളിലും മാത്രം കണ്ടുപരിചയിച്ച മഞ്ഞുകാലവും മഞ്ഞുമൂടിയ പ്രദേശങ്ങളും മറ്റും നമ്മുടെ തിരുവനന്തപുരത്ത് ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. മഞ്ഞുമലയിൽ കയറാം, മഞ്ഞുവീഴുന്നത് കണ്ട് രസിക്കാം. ഇതിനൊക്കെ രസം പകർന്ന് ലേസർ ഡിസ്‌പ്ളേയും. വൈകുന്നേരം നാല് മണിമുതൽ പത്ത് വരെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

ഫേസ്ബുക്ക് പേജിന്റെ പൂർണരൂപം

മഞ്ഞിൽ കുളിക്കാന്‍ ശംഖുംമുഖം..

കൊവിഡ് ഇളവുകള്‍ക്കും കടല്‍ക്ഷോഭം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കും ശേഷം തിരുവനന്തപുരം ശംഖുമുഖം വീണ്ടും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നു. സുനാമി പാർക്കിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഐസ് & സ്നോ വേൾഡ് എന്ന അതിശൈത്യമേഘലയെ അനുസ്മരിപ്പിക്കുന്ന ദൃശ്യ വിസ്മയ അനുഭവം കാണാനാണ് ഇപ്പോള്‍ ആളുകള്‍ എത്തുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആകര്‍ഷകമായ ഷോ മഞ്ഞുമേഖലയിലെ വിനോദസഞ്ചാരത്തെ ഓര്‍മ്മിപ്പിക്കും. കൃത്രിമ മഞ്ഞു വീഴ്ച്ച, മഞ്ഞു മല, കുട്ടികളുടെ കളിസ്ഥലം, മഞ്ഞുകൊണ്ടുണ്ടാക്കിയ കുടിൽ (ഇഗ്ലു), ആകർഷണീയമായ പ്രകാശ വിസ്മയം, ലേസർ ഡിസ്പ്ലേ എന്നിങ്ങനെ വലിയൊരു ദൃശ്യാനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 10 മണി വരെയാണ് പ്രദർശനം. രാവിലെ 11 മണി മുതൽ 3 മണിവരെ ആഘോഷങ്ങൾക്കും മറ്റാവശ്യങ്ങൾക്കും മണിക്കൂർ നിരക്കിലും ഐസ് & സ്നോ വേൾഡ് ലഭ്യമാണ്. ഒരുമാസക്കാലമാണ് ഷോ ഉണ്ടാവുക.