
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതി മുൻ ഐ പി എസ് ഉദ്യോഗസ്ഥർ. മനപ്പൂർവവും ആസൂത്രിതവുമായ വീഴ്ചയിൽ നടപടി എടുക്കണമെന്നഭ്യർത്ഥിച്ച് 27 ഐ പി എസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നൽകിയത്.
"ബഹുമാനപ്പെട്ട രാഷ്ട്രപതി, ജീവിതകാലം മുഴുവൻ രാജ്യത്തെ സേവിക്കാൻ ചെലവഴിച്ച പൊലീസ് ഉദ്യോഗസ്ഥരായിരുന്ന ഞങ്ങളെ പഞ്ചാബിൽ നടന്ന സുരക്ഷാ വീഴ്ച അതിശയിപ്പിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പ്രധാനമന്ത്രിയുടെ യാത്ര പ്രതിഷേധക്കാർ തടഞ്ഞത് സുരക്ഷാ വീഴ്ച മാത്രമായിരുന്നില്ല, മറിച്ച് അദ്ദേഹത്തെ അപമാനിക്കുന്നതിനും ദ്രോഹിക്കുന്നതിനുമായി ഭരണകൂടവും പ്രതിഷേധക്കാരും തമ്മിൽ നടന്ന ഒത്തുകളികൂടിയാണ്", ഐ പി എസ് ഉദ്യോഗസ്ഥർ കത്തിൽ പറഞ്ഞു.
സംഭവം ദേശീയ,അന്തർദേശീയ തലത്തിലുണ്ടാക്കിയ പ്രത്യാഘാതമാണ് തങ്ങളെ കത്തെഴുതാൻ പ്രേരിപ്പിച്ചതെന്നും ഉദ്യോഗസ്ഥർ കത്തിൽ പറഞ്ഞു. സുരക്ഷാ വീഴ്ച പഞ്ചാബിലെ മോശം ക്രമസമാധാനത്തെയാണ് തുറന്നുകാട്ടുന്നതെന്നും ഇത് രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
കർഷകരുടെ റോഡ് ഉപരോധത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്ളൈ ഓവറിൽ കുടുങ്ങിയത്. തുടർന്ന് യാത്രപൂർത്തിയാക്കാതെ പ്രധാനമന്ത്രി തിരിച്ചുപോവുകയായിരുന്നു. വൻസുരക്ഷാ വീഴ്ചയിൽ പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയിരുന്നു. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി എടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നിർദ്ദേശിച്ചു. പിന്നാലെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന പൊലീസ് സീനിയർ സൂപ്രണ്ട് ഹർമാൻ ഹാൻസിനെ ഡി.ജി.പി സസ്പെൻഡ് ചെയ്തു.
പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ ഉന്നതതല സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. പഞ്ചാബ്- ഹരിയാന ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് മെഹ്‌താബ് ഗിൽ, ആഭ്യന്തര, നീതിന്യായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുരാഗ് വർമ എന്നിവരാണ് സമിതിയിലുള്ളത്.
ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകം സന്ദർശിക്കാനും 42,750കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിടാനും ഫിറോസ്‌പൂരിലെ പാർട്ടി റാലിയിൽ പങ്കെടുക്കാനുമാണ് പ്രധാനമന്ത്രി പഞ്ചാബിൽ എത്തിയത്. സംസ്ഥാനത്തെ വലിയ കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ നിരവധി കേന്ദ്രങ്ങളിൽ റോഡ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.