
തിരുവനന്തപുരം: ട്രാൻസ്‌ജെൻഡേഴ്സ് പൊലീസ് സേനയുടെ ഭാഗമായേക്കും. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് പൊലീസിനോട് അഭിപ്രായം തേടി.
ഇതുമായി ബന്ധപ്പെട്ട് ബറ്റാലിയൻ എഡിജിപിയും ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയും റിപ്പോർട്ട് സമർപ്പിക്കണം. എല്ലാ വകുപ്പകളിലും ട്രാൻസ്‌ജെൻഡേഴ്‌സിന് അവസരം നൽകുന്നതിന്റെ ഭാഗമാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ നടപടി. വനിത ശിശുക്ഷേമ വകുപ്പിന്റെ ശുപാർശയിലാണ് പുതിയ ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ശുപാര്‍ശ പൊലീസ് ആസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. പൊലീസ് സേനയുടെ ഭാഗമാക്കുന്നതിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എങ്ങനെയാണ് റിക്രൂട്ട് ചെയ്യുക, പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങൾ എങ്ങനെ നടപ്പിലാക്കും എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം തേടിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയും എന്നും പരിശോധിക്കും. ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് പൊലീസിന്റെ നിലപാട് ആഭ്യന്തര വകുപ്പിനെ അറിയിക്കും. പൊലീസിന്റെ അന്തിമ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. രണ്ട് എ.ഡി.ജി.പിമാരുടേയും അഭിപ്രായം തേടിയതിന് ശേഷം സര്‍ക്കാര്‍ ശുപാര്‍ശ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തും.