
ന്യൂഡൽഹി: മദർ തെരേസ രൂപീകരിച്ച മിഷനറീസ് ഒഫ് ചാരിറ്റി എന്ന സംഘടനയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു. സംഘടന ആവശ്യമായ രേഖകൾ സമർപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം.
നേരത്തെ, കത്തോലിക്കാ സഭയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് പുതുക്കാൻ മന്ത്രാലയം വിസമ്മതിച്ചിരുന്നു. ഇതിനുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമ്ത ബാനർജി ആരോപിച്ചിരുന്നു. തുടർന്ന് മിഷനറീസ് ഒഫ് ചാരിറ്റി വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
'മിഷനറീസ് ഒഫ് ചാരിറ്റിയുടെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ)രജിസ്‌ട്രേഷൻ താൽക്കാലികമായി നിർത്തുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ല. കൂടാതെ നമ്മുടെ ഏതെങ്കിലും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല. നമ്മുടെ എഫ്‌സിആർഎ പുതുക്കൽ അപേക്ഷ അംഗീകരിച്ചിട്ടില്ലെന്ന് ഞങ്ങളെ കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. അതിനാൽ, ഒരു നടപടി എന്ന നിലയിൽ, പ്രശ്‌നം പരിഹരിക്കുന്നത് വരെ എഫ്‌സി അക്കൗണ്ടുകളൊന്നും പ്രവർത്തിപ്പിക്കരുതെന്ന് ഞങ്ങൾ ഞങ്ങളുടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.'-സംഘടന പറഞ്ഞിരുന്നു.