
റോക്കറ്റ് എന്ന് കേൾക്കുന്നത് തന്നെ കൗതുകമുണർത്തുന്ന കാര്യമാണ്. ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം അപ്പോൾ റോക്കറ്റിന്റെ രൂപത്തിൽ മുന്നിൽ കിട്ടിയാലോ... സംഗതി കൊള്ളാം അല്ലേ. ചോക്ലേറ്റിൽ വ്യത്യസ്‌തങ്ങളായ പരീക്ഷണങ്ങൾ നടത്തുന്ന പാചകവിദഗ്ദ്ധൻ അമോറീ ഗീഷോണിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
ചോക്ലേറ്റ് കൊണ്ട് കക്ഷി ഉണ്ടാക്കിയിരിക്കുന്നത് ബഹിരാകാശത്തേയ്‌ക്ക് കുതിക്കുന്ന ഒരു അടിപൊളി റോക്കറ്റാണ്. അതുണ്ടാക്കുന്ന വീഡിയോയും അമോറി തന്റെ ഇൻസ്റ്റഗ്രാം പേജിൽ നൽകിയിട്ടുണ്ട്. സംഗതി ഒറിജിനലാണോയെന്ന് ആർക്കും സംശയം തോന്നുന്ന തരത്തിലാണ് ഇതിന് കളർ നൽകിയിരിക്കുന്നത്. നിരവധി പേരാണ് അമോറിയെ അഭിനന്ദിച്ച് കുറിപ്പുകൾ എഴുതിയിരിക്കുന്നത്.
ഏറെ നാളത്തെ ഗവേഷണത്തിനും അദ്ധ്വാനത്തിനും ശേഷമാണ് ഇത്തരമൊരു രൂപം അദ്ദേഹം ഉണ്ടാക്കിയെടുത്തത്. ഇതിന് മുമ്പും ചോക്ലേറ്റിൽ തിമിംഗലവും കടലാമയും ബൈക്കും ആനയുമൊക്കെ കക്ഷി നിർമ്മിച്ചിട്ടുണ്ട്. അതെല്ലാം വൈറലായിട്ടുമുണ്ട്. അമോറിയുടെ പുതിയ പരീക്ഷണങ്ങൾക്ക് കാത്തിരിക്കുകയാണ് സൈബർ ലോകം.