
പൊന്നാനി: മയിലിനെ കൊന്ന് കറിവച്ച കേസിൽ ആന്ധ്രാപ്രദേശ് സ്വദേശി അയ്യപ്പനെ വനം വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. എടപ്പാൾ തുയ്യത്തെ വീടുകളിൽ സ്ഥിര സന്ദർശകരായിരുന്ന ഒരു ആൺമയിലും പെൺമയിലും. ഇതിൽ പെൺമയിലിനെയാണ് അയ്യപ്പനും ബന്ധുക്കളും ചേർന്ന് പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ടോടെ ഇണയെ കാണാതായ ആൺമയിൽ ഉച്ചത്തിൽ കരയാൻ തുടങ്ങി. നാടോടികളായ അയ്യപ്പനും ബന്ധുക്കളും സമീപപ്രദേശങ്ങളിൽ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവർ താമസിക്കുന്ന കുണ്ടുകടവ് ജംഗ്ഷനിലെത്തി അയപ്പനെ പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അമ്മാവനും മകനും ഭാര്യയും ഓടിരക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ പൊലീസും വനം വകുപ്പധികൃതരും സ്ഥലത്ത് പരിശോധന നടത്തി. ശേഷം അവിടെനിന്നും മയിലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. നാട്ടുകാരോടെല്ലാം ഇണങ്ങി ജീവിക്കുന്ന മയിലായതിനാൽ ഇവയെ പിടികൂടാൻ എളുപ്പമായിരുന്നുവെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
ഫോറസ്റ്റ് ഓഫീസർ വിനോദ് കൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ലാൽ നാഥ് ,ഓഫീസർമാരായ പി പി രതീഷ്, എ എൽ അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അയ്യപ്പനെ കോടതി റിമാന്റ് ചെയ്തു.