iim

ന്യൂഡൽഹി: രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളും ജാതീയമായ അക്രമങ്ങളും സംബന്ധിച്ച് മൗനം വെടിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് വിദ്യാർ‌ത്ഥികളും അദ്ധ്യാപകരും. 183 മൂന്ന് പേർ ഒപ്പിട്ട കത്തിൽ വിദ്യാർത്ഥികളും അഹമ്മദാബാദ്, ബംഗളൂരു ഐ ഐ എമ്മിലെ അദ്ധ്യാപകരും ഉൾപ്പെടുന്നു.

"ബഹുമാനപ്പെട്ട പ്രധാനമന്ത്രി, താങ്കളുടെ മൗനം വിദ്വേഷ പ്രസംഗങ്ങൾക്ക് ശക്തി പകരുന്നു. ഇത് രാജ്യത്തെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്നു.നമ്മളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരായി ശക്തമായി നിലകൊള്ളണമെന്ന് ‌ഞങ്ങൾ അഭ്യർത്ഥിക്കുന്നു" കത്തിൽ വ്യക്തമാക്കുന്നു. ജാതിയെയും മതത്തെയും ആധാരമാക്കിയുള്ള അക്രമത്തിനുള്ള ആഹ്വാനങ്ങളെ അംഗീകരിക്കാനാവില്ലെന്നും കത്തിൽ പറയുന്നു.

രാജ്യത്ത് ഇപ്പോൾ മതത്തെ സംബന്ധിച്ച് ഭയം നിലനിൽക്കുകയാണ്. അടുത്തിടെ പള്ളികൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. മുസ്‌ലിങ്ങൾക്കെതിരെ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നു. ഇതൊക്കെ രാജ്യത്ത് സംഭവിക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തതുകൊണ്ടാണെന്നും കത്തിൽ കുറ്റപ്പെടുത്തി.

അടുത്തിടെ നടന്ന ഹരിദ്വാർ ധരം സൻസദ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഐ ഐ എം പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഹിന്ദു മത നേതാക്കൾ മുസ്ലീങ്ങൾക്കെതിരെ ആയുധമെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുകയുമായിരുന്നു.