
തിരുവനന്തപുരം: 2020ൽ ബദരിനാഥ് ക്ഷേത്രം തുറക്കാൻ കഴിഞ്ഞത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടൽ കൊണ്ടാണെന്ന് മുഖ്യപൂജാരിയും മലയാളിയുമായ ഈശ്വരപ്രസാദ് നമ്പൂതിരി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രാജ്യം ആകമാനം അടയ്‌ക്കപ്പെട്ട അവസ്ഥയിലാണ് കേരളത്തിൽ നിന്നും ഉത്തരാഖണ്ഡിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. വിവിധ സംസ്ഥാനങ്ങൾ കടന്ന് ബദരിനാഥിലേക്ക് എത്താൻ കഴിഞ്ഞത് കേരളഗവർണറുടെ അടിയന്തര ഇടപെടൽ കൊണ്ടാണെന്ന് ഈശ്വരപ്രസാദ് നമ്പൂതിരി വ്യക്തമാക്കി. കേരളകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ബദരിനാഥിൽ റാവൽ എന്ന സ്ഥാനപ്പേരിലാണ് ഈശ്വരപ്രസാദ് അറിയപ്പെടുന്നത്. കണ്ണൂർ ജില്ലയിൽ പയ്യന്നൂരാണ് ഇദ്ദേഹത്തിന്റെ സ്വദേശം. ക്ഷേത്രകാര്യങ്ങളിലെ അവസാനവാക്കാണ് റാവൽ. സംസ്‌കൃതത്തിലും പൂജാക്രമങ്ങളിലും അഗാധപാണ്ഡിത്യമുള്ള റാവലിനെ നിയമിക്കുന്നത് ബദരിനാഥിലെ ക്ഷേത്ര കമ്മിറ്റിയും ടെഹരിഗഢ്വാളിലെ മഹാരാജാവും കൂടി ആലോചിച്ചിട്ടാണ്. സ്വർണം, വെള്ളി എന്നിവ കൊണ്ട് പണി തീർത്ത ഓരോ വലിയ ദണ്ഡും, ഒരുജോഡി സ്വർണ വളകളും രാജോജിതമായ മേൽവസ്ത്രങ്ങളും മോൽശാന്തിയായി അവരോധിക്കുമ്പോൾ ടെഹരി രാജാവ് നൽകുന്നു. ബദരിപുരിയിലെ കിരീടം വയ‌്ക്കാത്ത രാജാവാണ് റാവൽജി.
അതികഠിനമായ നിഷ്‌ഠകളിൽ ഊന്നിയാണ് അദ്ദേഹത്തിന്റെ ജീവിതം. തണുത്തുറഞ്ഞ മഞ്ഞുമലകളിലൂടെ നഗ്‌നപാദനായി നടന്നുവേണം റാവലിന് ബദരിനാഥന്റെ സമക്ഷത്തിൽ എത്തിച്ചേരാൻ. സാധാരണ ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിലധികമാണ് ബദരിനാഥിലെ റാവലിന്റെ ആചാരാനുഷ്‌ഠാനങ്ങൾ.