k-surendran

രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ മടക്കിയുള്ള കേരള സര്‍വകലാശാല വിസിയുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വിസിയുടെ കത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കടുത്ത ഭാഷയിൽ അദ്ദേഹം വിമർശിച്ചത്.

'തറ നിലവാരത്തിലുള്ള ഈ കത്ത് യഥാർത്ഥത്തിൽ പ്രതിപക്ഷനേതാവ് സതീശന്റെ മുഖത്തേക്കാണ് എറിഞ്ഞുകൊടുക്കേണ്ടത്. കാര്യം അറിയാതെ ബഹുമാനപ്പെട്ട ഗവർണറെ ആക്ഷേപിക്കാൻ വന്ന സതീശനെയാണ് മുക്കാലിയിൽ കെട്ടി അടിക്കേണ്ടത്' എന്നാണ് അദ്ദേഹം പറഞ്ഞത്.

ഡി ലിറ്റ് വിവാദത്തിൽ ഗവർണറെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത് എത്തിയിരുന്നു. വഴി വിട്ട് വൈസ് ചാൻസലറെ വിളിച്ചുവരുത്തി ആർക്കെങ്കിലും ഡി ലിറ്റ് കൊടുക്കാൻ ഗവർണർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധവും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യലുമാണെന്നാണ് വി ഡി സതീശൻ പറഞ്ഞിരുന്നത്. ഇതിന്റെ മറുപടി എന്ന തരത്തിലാണ് കെ സുരേന്ദ്രന്റെ ഇപ്പോഴത്തെ വിമർശനം.

കഴിഞ്ഞ മാസം ഏഴിനാണ് കേരള സര്‍വകലാശാല വൈസ് ചാൻസിലര്‍ വി പി മഹാദേവൻ പിള്ള ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. രാഷ്ട്രപതിയ്ക്ക് ഡി- ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ‍ഞാൻ അങ്ങയെ കണ്ടിരുന്നു. ഇക്കാര്യം ഞാൻ നിരവധി സിൻഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്‌തെങ്കിലും അംഗങ്ങള്‍ അത് നിരസിച്ചെന്നാണ് കത്തിലെ പരാമർശം. ഗവര്‍ണര്‍ ഒരു ശുപാര്‍ശ നടത്തിയാല്‍ അത് സിൻഡിക്കേറ്റില്‍ വിസി അവതരിപ്പിച്ച് ചര്‍ച്ച ചെയ്യണം എന്ന നടപടി ക്രമം നിലിനിൽക്കെയാണ് ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിൽ വിസി കത്തെഴുതിയത്.