k-r-gouri-amma

കൊച്ചി: കെ ആർ ഗൗരിയമ്മയുടെ ട്രഷറിയിലുള്ള നിക്ഷേപങ്ങൾ സഹോദരിയുടെ മകളായ ഡോ. ബീനാകുമാരിക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. ആലപ്പുഴ, തിരുവനന്തപുരം ട്രഷറികളിലുള്ള 34 ലക്ഷം രൂപയാണ് കൈമാറാൻ ഉത്തരവായത്. ഗൗരിയമ്മയെ അവസാനകാലത്ത് പരിചരിച്ചത് ഇളയ സഹോദരിയുടെ മകളായ ബീനാകുമാരിയായിരുന്നു.

ട്രഷറിയിലെ നിക്ഷേപങ്ങളുടെ നോമിനിയായി ആരെയും രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാരണത്താൽ പണം പിൻവലിക്കാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബീനാകുമാരി നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. നിക്ഷേപത്തിന്റെ അവകാശിയായി വിൽപത്രത്തിൽ നിശ്ചയിച്ചിരിക്കുന്നത് തന്നെയാണെന്ന ബീനാകുമാരിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ആലപ്പുഴയിലെ 19 സെന്റ് ഭൂമിയുടെയും ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ട്രഷറികളിലെ നിക്ഷേപത്തിന്റെയും അവകാശി ബീനാകുമാരിയാണെന്ന് വിൽപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

കഴിഞ്ഞ വർഷം മേയ് പതിനൊന്നിന് 102ാം വയസിലാണ് കെ ആർ ഗൗരിയമ്മ അന്തരിച്ചത്.