manoj-

പഴശിരാജയിൽ തലയ്‌ക്കൽ ചന്തുവായെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച നടനാണ് മനോജ് കെ ജയൻ. മികച്ച നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മനോജിന് ഏറ്റവുമധികം അവാർഡുകൾ സമ്മാനിച്ച വേഷം തലയ്‌ക്കൽ ചന്തുവായിരുന്നു. എന്നാൽ, ഷൂട്ട് തുടങ്ങിയ ശേഷം സിനിമയിൽ നിന്നും പിന്മാറാൻ ഒരുങ്ങിയതിനെ കുറിച്ചും പിന്നീട് സംഭവിച്ച നിയോഗങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് അദ്ദേഹം.

' ചിത്രത്തിൽ എന്നെ ആദ്യം കാസ്റ്റ് ചെയ്യുന്നത് കൈതേരി അമ്പുവായിട്ടാണ്. കുതിര സവാരിയൊക്കെ പഠിക്കണമെന്ന് എം ടി സാറും ഹരിഹരൻ സാറും പറഞ്ഞു. മടിയൊക്കെ മാറ്റി പഠിക്കാൻ തീരുമാനിച്ചുറപ്പിച്ച സമയത്താണ് കാരക്‌ടറിൽ ഒരു ചെറിയ മാറ്റമുണ്ടെന്ന് അറിയുന്നത്. കൈതേരി അമ്പു അല്ല തലയ്‌‌ക്കൽ ചന്തുവിനെയാണ് അവതരിപ്പിക്കേണ്ടതെന്നും ഹരൻ സാർ പറഞ്ഞു. ആദ്യം കരുതിയത് ഡീഗ്രേഡ് ചെയ്യുന്ന വേഷമാണോയെന്നാണ്.

കൈതേരി അമ്പുവിനേക്കാൾ വലിയ ആളാണെന്നും പഴശിരാജയുടെ വലംകൈയാണെന്നും പറഞ്ഞു. കക്ഷിയുടെ പേരിൽ ക്ഷേത്രവുമുണ്ട്. മനോജ് അത് ചെയ്‌താൽ മതിയെന്ന് ഹരിഹരൻ സാർ പറഞ്ഞു. കുതിര സവാരി ഒഴിഞ്ഞു കിട്ടിയല്ലോയെന്ന് ആശ്വസിച്ചപ്പോഴാണ് അദ്ദേഹം അമ്പും വില്ലും നന്നായിട്ട് പരിശീലിക്കണമെന്നും പറഞ്ഞത്. തലയ്‌ക്കൽ ചന്തുവിന് കാട് കളിത്തൊട്ടിലാണെന്നാണ് എം ടി സാർ എഴുതി വച്ചിരിക്കുന്നത്.

അങ്ങനെ ഷൂട്ടിന് രാജവെമ്പാലകളുള്ള കണ്ണവം കാട്ടിലെത്തി. ടേക്കിന് മുന്നേ ത്യാഗരാജൻ മാസ്റ്റർ ട്രയൽ നോക്കി. മരത്തിൽ കൂടി ചാടിയും ഊർന്നും ഉരുളൻ കല്ലുകളിലൂടെ നടന്നുമൊക്കെ കൈയും കാലും മുറിഞ്ഞു. അനങ്ങാൻ വയ്യാത്ത അവസ്ഥ. ആ സമയത്ത് ഞാനൊരു തീരുമാനമെടുത്തു, ഈ സിനിമയിൽ നിന്നും മാറാം, ഇതെനിക്ക് പറ്റില്ല. റിഹേഴ്സിന് ഇതാണ് അവസ്ഥയെങ്കിൽ ടേക്ക് എന്തായിരിക്കും എന്ന് ചിന്തിച്ചു.

അങ്ങനെ സാറിനെ കണ്ടു സംസാരിച്ചു. ഇത് ചെയ്യാൻ ഒട്ടും കോൺഫിഡൻസില്ലെന്ന് തുറന്നു പറഞ്ഞു. മനോജിനെ കുട്ടൻതമ്പുരാനാക്കിയ ആളാണ് ഞാൻ. എനിക്കറിയാം ഇതെങ്ങനെ ചെയ്യിക്കണമെന്ന്. നിങ്ങൾ ധൈര്യമായിട്ടിരിക്ക് എന്ന് പറഞ്ഞ് അദ്ദേഹം ധൈര്യം തന്നു. ഒടുവിൽ ചിത്രം റിലീസായപ്പോൾ പന്ത്രണ്ട് അവാർഡാണ് ഈ ഒറ്റ കഥാപാത്രത്തിന് എന്നെ തേടിയെത്തിയത്.

മറ്റൊരു സംഭവം കൂടിയുണ്ട്. സിനിമയെല്ലാം റിലീസായി കുറച്ച് നാൾ കഴിഞ്ഞപ്പോൾ വയനാട്ടിൽ നിന്ന് എം എ ഷാനവാസ് എം പി വിളിച്ചു. തലയ്ക്കൽ ചന്തു സ്മാരകം പണിയുന്നുണ്ട്. അതിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കണം. അങ്ങനെ ഞാൻ ചെന്നു. അതൊരു വലിയ അനുഭവമായിരുന്നു. കെ സി വേണുഗോപാലും ഞാനും ഷാനവാസും മന്ത്രിയായിരുന്ന ജയലക്ഷ്‌മിയും ഒരു തുറന്ന ജീപ്പിൽ സ്മാരകസ്ഥലത്തേക്ക് പോവുകയാണ്. റോഡിനിരുവശവും ആയിരക്കണക്കിന് കുറിച്യർ നിന്ന് ആനയിക്കുന്നുണ്ട്.

ആയിരം തലയ്‌ക്കൽ ചന്തുമാർ. അതൊരു കാഴ്‌ചയായിരുന്നു. സ്ഥലത്തെത്തിയപ്പോൾ യഥാർത്ഥ തലയ്‌ക്കൽ ചന്തുവിനെ തൂക്കിക്കൊന്ന കോളിമരം കണ്ടു. അതിന്റെ ചുവട്ടിലെ ശിലാഫലകത്തിൽ ഇന്നും എന്റെ പേരുണ്ട്, 'വിശിഷ്ടാതിഥി മനോജ് കെ ജയൻ". ഒരു നടന് കിട്ടാവുന്ന നാഷണൽ അവാർഡിന് മേലെയാണ് ആ അംഗീകാരത്തെ കാണുന്നത്. - മനോജ് പറഞ്ഞു.