modi-yogi

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തർപ്രദേശും പഞ്ചാബും ഉൾപ്പെടെയുള്ള അ‌ഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയ രംഗം വീണ്ടും ഉണർന്നിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ സജീവ സാന്നിദ്ധ്യമായ രണ്ട് പാർട്ടികൾ അവരവരുടെ ശക്തികേന്ദ്രങ്ങൾ നിലനിർത്താൻ നടത്തുന്ന പോരാട്ടമെന്നത് കൊണ്ട് തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് സവിശേഷ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

പഞ്ചാബിൽ കോൺഗ്രസും ഉത്തർപ്രദേശിൽ ബി ജെപിയും വമ്പൻ ശക്തികളാണ്. അതേസമയം ഉത്തർപ്രദേശിൽ കോൺഗ്രസിന്റെയും പഞ്ചാബിൽ ബി ജെ പിയുടേയും നിഴൽ പോലും കാണാൻ കിട്ടില്ലെന്നത് മറ്റൊരു വസ്തുതയുമാണ്. കാലങ്ങളായി ഉത്തർപ്രദേശിലേക്ക് കടക്കാൻ കോൺഗ്രസും പഞ്ചാബിൽ സ്ഥാനം ഉറപ്പിക്കാൻ ബി ജെ പിയും ശ്രമിക്കുന്നു. ഇത്തവണയെങ്കിലും ഇരുപാ‌ർട്ടികളും ഇതിൽ വിജയിക്കുമോ എന്നാണ് രാഷ്ട്രീയ വിദഗ്‌ദ്ധർ ഉറ്റുനോക്കുന്നത്.

പഞ്ചാബിൽ ബി ജെ പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന സിക്ക് സമുദായത്തെ ഇതുവരെ വിശ്വാസത്തിലെടുക്കാൻ സാധിച്ചിട്ടില്ലെന്നത് തന്നെയാണ്. അടുത്ത് നടന്ന കർഷകസമരങ്ങളും ബി ജെ പി അതിനെതിരെ സ്വീകരിച്ച നിലപാടുകളും ഈ അകൽച്ച വർദ്ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നും കോൺഗ്രസ് പക്ഷത്തേക്ക് ചാഞ്ഞ് നിന്നിരുന്ന സമുദായമാണ് സിക്ക്. അതിനാൽ തന്നെ അവിടെ വലിയൊരു കടന്നുകയറ്റം ബി ജെപിക്ക് പെട്ടെന്ന് നടത്താൻ സാധിക്കുമോ എന്നത് സംശയമാണ്.

അതേസമയം പഞ്ചാബിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങളിലാണ് ബി ജെ പിയുടെ പ്രതീക്ഷ. കോൺഗ്രസിന്റെ ഒരുകാലത്തെ ശക്തനായ നേതാവും മുൻ മുഖ്യമന്ത്രിയുമായ അമരീന്ദർ‌ സിംഗ് പാർട്ടി വിട്ടതും തുടർന്നു വന്ന ചരൺജിത്ത് സിംഗ് ചന്നിയും പി സി സി പ്രസിഡന്റ് നവ്ജ്യോത് സിംഗ് സിദ്ധുവുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് ബി ജെപി. എന്നാൽ ഈ പ്രശ്നങ്ങൾ ബി ജെ പിയെ ആണോ ആം ആദ്മി പാർട്ടിയെയാണോ സഹായിക്കുക എന്നത് കാത്തിരുന്ന് അറിയുക മാത്രമേ നിവർത്തിയുള്ളൂ.

മറുവശത്ത് ഉത്തർപ്രദേശിൽ കരുത്ത് തെളിയിച്ചാൽ നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാത്തിരിക്കുന്നത് നരേന്ദ്ര മോദിയുടെ പിൻഗാമി എന്ന സ്ഥാനമാണ്. ബി ജെ പിയുടെ മറ്റ് മുഖ്യമന്ത്രിമാരിൽ നിന്ന് വ്യത്യസ്ഥമായി മോദിയുടെ നിഴലിൽ നിന്ന് വിട്ടുമാറി സ്വന്തമായൊരു ബ്രാൻഡ് ഇമേജ് കെട്ടിപ്പടുക്കാൻ യോഗി ആദിത്യനാഥിന് സാധിച്ചിട്ടുണ്ടെന്നതും അദ്ദേഹത്തിന്റെ നേട്ടങ്ങളിലൊന്നാണ്. കോൺഗ്രസിന്റെ നിഴൽ പോലും ഇല്ലാത്ത ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ബി ജെ പിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാർട്ടിയാണ്. കൊവിഡിന്റെ രണ്ടാം തരംഗം കൈകാര്യം ചെയ്ത രീതിയിൽ ബി ജെ പി സർക്കാർ വിമർശനവിധേയമായെങ്കിലും അത് കാര്യമായ ചലനങ്ങൾ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ സാദ്ധ്യതയില്ല.