who

ന്യൂഡൽഹി : തെക്ക് - കിഴക്കൻ ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും കൊവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കർശനമായി നടപ്പിലാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ തെക്ക് - കിഴക്കൻ ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖെത്രപാൽ സിംഗ് പറഞ്ഞു.

ചില രാജ്യങ്ങളിൽ കേസുകൾ ക്രമാതീതമായി ഉയരുകയാണ്.പ്രതിരോധ നടപടികൾ പൂർണ ആത്മാർത്ഥതയോടെ നടപ്പിലാക്കണം. വൈറസ് വ്യാപനം തടയാൻ അധികാരികളുടെ ഭാഗത്ത് നിന്ന് നിർദ്ദിഷ്ട നടപടികളുണ്ടാകണം. ഇവയും കൊവിഡ് മാനദണ്ഡങ്ങളും ജനങ്ങൾ കർശനമായി പാലിക്കണം.

ഒമിക്രോൺ ഗുരുതരമല്ലെന്ന് തോന്നാമെങ്കിലും നിസാരമെന്ന് കരുതി അവഗണിക്കരുത്. ലോകത്ത് ഏറ്റവും ശക്തമായ കൊവിഡ് വകഭേദങ്ങളിലൊന്നായി ഉയർന്നുവന്ന തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോൺ ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളെ കീഴടക്കിക്കഴിഞ്ഞു. കൊവിഡ് കേസുകളുടേയും മരണങ്ങളുടേയും എണ്ണം ഉയരാൻ ഒമിക്രോൺ കാരണമാകുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

 ഒമിക്രോൺ മാത്രമല്ല കാരണം

എല്ലാ കൊവിഡ് കേസുകളും ഒമിക്രോൺ മൂലമാണെന്ന് കരുതരുത്. ഡെൽറ്റ ഉൾപ്പെടെയുള്ള വകഭേദങ്ങളും പടരുന്നുണ്ട്. ഇത് രോഗതീവ്രതയ്ക്കും മരണങ്ങൾക്കും കാരണമാകുന്നു. അതിനാൽ കൊവിഡിന്റെ ഓരോ കേസുകളും ആശങ്കയുണ്ടാക്കുന്നവയാണ്. എല്ലായിടത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഹൈ റിസ്ക് വിഭാഗത്തിന് മുൻഗണന നൽകി വാക്സിനേഷൻ ഉയർത്തുന്നത് നിർണായകമായ പ്രതിരോധ മാർഗമാണ്. പൂർണമായി വാക്സിനേഷൻ നടത്തി കഴിഞ്ഞെങ്കിൽ പോലും ജനങ്ങൾ പ്രതിരോധ മാർഗനിർദ്ദേശങ്ങൾ തുടർന്നും പാലിക്കണം. നിലവിലെ കൊവിഡ് കുതിപ്പ് പിടിച്ചുകെട്ടാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യേണ്ട സമയമാണിത്.

ജനങ്ങളുടെ ജീവൻ രക്ഷിക്കണമെങ്കിൽ ആരോഗ്യ സംവിധാനങ്ങൾക്ക് മേൽ അമിതഭാരമുണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കണം. കാരണം, അത്തരത്തിൽ ആരോഗ്യ സംവിധാനങ്ങളുടെ താളം തെറ്റിയാൽ കൊവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാനോ അവരെ പരിചരിക്കാനോ സാധിക്കാതെ വരും. മറ്റ് ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് അടിയന്തിര ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള നിർണായക സേവനങ്ങൾ നൽകാൻ കഴിയാതെയും വന്നേക്കാമെന്നും പൂനം കൂട്ടിച്ചേർത്തു.