
മെൽബൺ: വാക്സിനേഷൻ സ്വീകരിക്കാതെ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനെത്തിയ ടെന്നിസ് താരം നൊവാക്ക് ജോക്കാവിച്ചിനെ തടഞ്ഞു വച്ച സംഭവം കൂടുതൽ കുരുക്കുകളിലേക്ക് നീങ്ങുന്നു. ഡിസംബർ 16ന് കൊവിഡ് പൊസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനാലാണ് ജോക്കോവിച്ചിന് ജനുവരിയിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് വേണ്ടി വാക്സിൻ സ്വീകരിക്കാൻ കഴിയാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. എന്നാൽ ഡിസംബർ 17ന് ജോക്കോവിച്ച് സെർബിയയിൽ നടന്ന ഒരു പൊതുപരിപാടിയിൽ മാസ്കില്ലാതെ മുഖ്യാതിഥിയായി പങ്കെടുത്ത് യുവടെന്നിസ് താരങ്ങൾക്ക് സമ്മാനം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പിന്നാലെ പ്രത്യക്ഷപ്പെടുകയായിരുന്നു.
ഡിസംബർ 16ന് കൊവിഡ് പൊസീറ്റീവായ വ്യക്തി ക്വാറന്റൈനിൽ പോകാതെ പൊതുപരിപാടിയിൽ മാസ്കില്ലാതെ എങ്ങനെ പങ്കെടുത്തെന്ന ചോദ്യമാണ് ഉയരുന്നത്. ബെൽഗ്രേഡിൽ നടന്ന പരിപാടിയിൽ യുവതാരങ്ങൾക്ക് ജോക്കോവിച്ച് ട്രോഫികൾ വിതരണം ചെയ്യുന്ന ചിത്രങ്ങൾ ബെൽഗ്രേഡ് ടെന്നിസ് ഫെഡറേഷന്റെ ഔദ്യോഗിക പേജിൽ നിന്നുമാണ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചത്. ജോക്കോവിച്ചിനെയും സംഘാടകരെയും കൂടാതെ ഇരുപതോളം യുവ ടെന്നിസ് താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. ഇവരാരും മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നില്ല.
ഇത് കൂടാതെ താരം കൊവിഡ് പൊസിറ്റീവായെന്ന് വാദിക്കുന്ന ഡിസംബർ 16ന് തന്നെ സെർബിയയുടെ തപാൽ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിലും ജോക്കോവിച്ച് പങ്കെടുത്തിരുന്നു. ജോക്കോവിച്ചിന്റെ ബഹുമാനാർത്ഥം തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു താരം പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും ജോക്കോവിച്ച് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവച്ചിരുന്നു.
വാക്സിൻ വിരുദ്ധനായ ജോക്കോവിച്ച് ഇതുവരെയായും കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ല. അതിനാൽ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ എത്തിയ താരത്തിന്റെ വിസ ഓസ്ട്രേലിയയിലെ അധികൃതർ റദ്ദാക്കിയിരുന്നു. ഓസ്ട്രേലിയ സന്ദർശിക്കുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിക്കുകയോ മെഡിക്കൽ ഇളവ് ലഭ്യമാക്കണമെന്നോ ആണ് നിയമം.