
മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്ക് സാങ്കേതികവിദ്യ അതിന്റെ മനുഷ്യനിലെ ആദ്യ പരീക്ഷണം ഈ വർഷം തന്നെ നടത്തും. പരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ അറിയാനാകും. 2016ലാണ് മസ്‌തിഷ്‌ക വൈകല്യങ്ങൾ കണ്ടെത്താനും അവ പരിഹരിക്കാനുമെന്ന ഉദ്ദേശത്തോടെ തന്റെ കമ്പനിയായ ന്യൂറാലിങ്ക് ഇലോൺ മസ്‌ക് സ്ഥാപിച്ചത്. 2021ൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്തിയ കുരങ്ങ് മൈൻഡ് പോംഗ് ഗെയിം കളിച്ചിരുന്നു. ഇതോടെ ഈ സാങ്കേതികവിദ്യ മനുഷ്യനിൽ പരീക്ഷിക്കാനുളള പ്രവർത്തനങ്ങൾക്ക് കമ്പനി വേഗം കൂട്ടി. നേരത്തെ എലികളിലും ഈ സാങ്കേതിക വിദ്യ ഫലപ്രദമായി പരീക്ഷിച്ചിരുന്നു.
തളർവാതം ബാധിച്ചവർക്ക് മറ്റ് സഹായമില്ലാതെ അവരുടെ ജോലികൾ ചെയ്യാൻ സഹായിക്കാനും മസ്‌തിഷ്‌ക വൈകല്യമുളളവർക്ക് പ്രവൃത്തികൾ കൃത്യമായി ചെയ്യാനും ലക്ഷ്യമിട്ടാണ് തന്റെ കമ്പനി സ്ഥാപിച്ചതെന്നാണ് ഇലോൺ മസ്‌ക് അറിയിച്ചത്. നട്ടെല്ലിന് തകരാറേറ്റവർക്ക് പോലും അവരുടെതായ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാനാകുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. ഇത്തരത്തിൽ നട്ടെല്ല് തകരാറിലായ ഒരാളിലാകും തന്റെ സാങ്കേതികവിദ്യ മസ്‌ക് പരീക്ഷിക്കുക.
2021 ആദ്യമാണ് ന്യൂറാലിങ്ക് പരീക്ഷണം നടക്കുകയെന്നായിരുന്നു മസ്‌ക് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് നീണ്ടുപോകുകയായിരുന്നു. മസ്‌തിഷ്‌ക ത്രെഡുകളുളള ഒരു ചിപാണ് കഴിഞ്ഞ വർഷം മസ്‌ക് പുറത്തിറക്കിയത്. ചെവിയുടെ പിന്നിൽ ഘടിപ്പിച്ചാൽ ഇവ തലച്ചോറുമായി വലിയ അളവിൽ ഡാറ്റ കൈമാറാൻ സഹായിക്കും. തലച്ചോറിൽ നിന്നും ലഭിക്കുന്ന സൂചനകളെ കൃത്യമായി മനസിലാക്കാനും ഇതിലൂടെ സാധിക്കും. ഓർമ്മശക്തി വർദ്ധിപ്പിക്കാനും രോഗങ്ങളെ തടയാനും കഴിവുളള ഉപകരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണിപ്പോൾ കമ്പനി.