gfhhg

വാഷിംഗ്ടൺ : ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്ന യു.എസിന് തലവേദനയായി രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും റെക്കാ‌ഡ് വർദ്ധനവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച മാത്രം ഒരു ലക്ഷത്തിലധികം കൊവിഡ് രോഗികളെയാണ് രാജ്യത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വെള്ളിയാഴ്ച ആറര ലക്ഷത്തിലധികം പേർക്കാണ് അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത് മുതൽ യു.എസിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 10 ദിവസത്തിലേറെയായി പ്രതിദിനം അഞ്ച് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യം ഇങ്ങനെ തന്നെ തുടർന്നാൽ രാജ്യത്തെ ആരോഗ്യ സംവിധാനം താറുമാറാകുമോയെന്ന ആശങ്ക ആരോഗ്യ പ്രവർത്തകർക്കുണ്ട്. ഫ്ലോറിഡ സംസ്ഥാനത്ത് മാത്രം പ്രതിദിനം 50000 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന പത്തു കേസുകളിൽ ഒരെണ്ണം ഫ്‌ളോറിഡയിലാണ്. വ്യാപനതോതിൽ ഏഴാമത്തെ ഉയർന്ന റേറ്റാണു ഫ്‌ളോറിഡയിലേതെന്ന് സി.ഡി.സി പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. അതേ സമയം
ഒമിക്രോണുമായി ബന്ധപ്പെട്ട് യു.എസിൽ കൊവിഡ് കേസുകൾ അതിവേഗം വ്യാപിച്ചതുപോലെ തന്നെ വേഗം കുത്തനെ താഴേക്കു പോകുമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. റോഷ്ലി വലൻസ്‌ക്കി പറഞ്ഞു. കൊവിഡ് കേസുകളുടെ ഉയർച്ചയും താഴ്ചയും തരംഗം പോലെയാണ്. ഒമിക്രോൺ ആദ്യമായി കണ്ടെത്തിയ ആഫ്രിക്കയിൽ ആദ്യം കേസുകൾ അതിവേഗം വ്യാപിച്ചെങ്കിലും ഇപ്പോൾ അതിനു ശമനം വന്നിട്ടുണ്ട്. ഇത് തന്നെ യു.എസിലും സംഭവിക്കുമെന്ന് വലൻസ്‌ക്കി പറഞ്ഞു. അതേ സമയം ഒമിക്രോണിനെ നിസാരവത്ക്കരിക്കുന്ന പൊതു പ്രവണതയ്ക്കെതിരെ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒമിക്രോൺ അപകടകാരിയല്ലെന്ന വാദം തെറ്റാണെന്നും ഈ വകഭേദം മൂലവും രോഗികളെ വലിയതോതിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങളുണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. ഒമിക്രോൺ മൂലം രാജ്യത്ത് പലയിടത്തും ആശുപത്രികൾ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. ലോകത്ത് ആരോഗ്യ സംവിധാനങ്ങൾ തികയാതെ വരുന്ന അവസ്ഥയിലേക്കെത്തിക്കാൻ ഒമിക്രോണിന് സാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇതു കൂടാതെ ഒമിക്രോൺ വകഭേദത്തോടെ കൊവിഡ് അവസാനിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.