
അഹമ്മദാബാദ്: ഗുജറാത്തിൽ വളർത്തുനായയുടെ മൂന്നാം പിറന്നാൾ ആഘോഷത്തിന് യുവാവ് ചെലവിട്ടത് ഏഴ് ലക്ഷം രൂപ. അഹമ്മദാബാദ് സ്വദേശിയായ ചിരാഗ് എന്ന് വിളിക്കുന്ന ദാഗോ പട്ടേലാണ് തന്റെ വളർത്തുനായയായ എബിയുടെ പിറന്നാളിന് ഇത്ര വലിയ തുക ചെലവാക്കിയത്. സ്പിറ്റ്സ് ഇനത്തിൽപ്പെട്ട വളർത്തുനായയാണ് എബി. അഹമ്മദാബാദിലെ മധുവൻ ഗ്രീൻ പാർട്ടി ഗ്രൗണ്ടിൽ നടന്ന പിറന്നാളാഘോഷത്തിന് ഡി ജെ പാർട്ടിയും നാസിക് ദോളും അടക്കമുള്ള സംഗീതവിരുന്ന് ഒരുക്കിയ ചിരാഗ് നൂറ് കണക്കിന് ആളുകളെയാണ് വിരുന്നിന് ക്ഷണിച്ചത്.
എന്നാൽ പിറന്നാളാഘോഷത്തിന്റെ വീഡിയോ വൈറലായതോടെ അഹമദാബാദ് പൊലീസ് ചിരാഗ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കൂട്ടം കൂടിയതിനുമാണ് കേസ്. ചിരാഗ് പട്ടേലും സഹോദരൻ ഉർവേഷ് പട്ടേലും കേസിൽ പ്രതികളാണ്. ഇരുവരും ചേർന്നാണ് പിറന്നാളാഘോഷത്തിന് നേതൃത്വം നൽകിയത്.