
കൊച്ചി: വായിച്ചാൽ ആർക്കും മനസിലാകുന്ന തരത്തിൽ ലളിതമായ ഭാഷയിൽ നിയമം തയ്യാറാക്കണമെന്നും ഇതിലൂടെ ന്യായാധിപന്മാരുടെ പ്രാധാന്യം കുറയുകയോ അഭിഭാഷകരുടെ തൊഴിൽ ഇല്ലാതാവുകയോ ചെയ്യില്ലെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടു. ലളിതമായ ഭാഷയിൽ നിയമം തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അഭിഭാഷകരുടെ ദക്ഷിണേന്ത്യാ കോൺഫറൻസിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ അഭിഭാഷകർ സർക്കാരിനും കോടതിക്കുമിടയിലുള്ള പാലമാണ്. സർക്കാരുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ സീനിയർ ഉദ്യോഗസ്ഥർതന്നെ സർക്കാർ അഭിഭാഷകരോട് വിശദീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം കോടതികളുടെ പരമ്പരാഗതരീതികൾ മാറ്റിമറിച്ചെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അഭിപ്രായപ്പെട്ടു. കേരള ഹൈക്കോടതിയിലെ അസി. സോളിസിറ്റർ ജനറൽ എസ്. മനു, മധുര ഹൈക്കോടതി ബെഞ്ചിലെ അസി. സോളിസിറ്റർ ജനറൽ എൽ. വിക്ടോറിയ ഗൗരി തുടങ്ങിയവർ കൊച്ചിയിലെ ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസാരിച്ചു. കോൺഫറൻസിന്റെ ഉദ്ഘാടനം സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ നിർവഹിച്ചു. ദക്ഷിണമേഖലാ അഡി. സോളിസിറ്റർ ജനറൽ ടി. സൂര്യകിരൺ റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് വിജയൻ, അഭിഭാഷകരായ വി. വിജയകുമാർ, ടി.സി. കൃഷ്‌ണ, ഒ.എം. ശാലീന തുടങ്ങിയവർ സംസാരിച്ചു.