prithvi

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ചിത്രമാണ് ഹൃദയം. ജനുവരി 21ന് റിലീസാകുന്ന ചിത്രത്തിന്റെ ഓരോ ഗാനങ്ങളും ഗ്ളിംപ്‌സ് ഓഫ് ഹൃദയവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തിലെ അഞ്ചാമത്തെ ഗാനമായ 'താതക തൈതാരെ'യുടെ വീഡിയോ വിനീത് ഇന്നലെ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജാണ് ഈ ഗാനം പാടിയത്. ചുരുങ്ങിയ നേരം കൊണ്ട് യൂട്യൂബ് ട്രെൻഡിംഗിൽ രണ്ടാം സ്ഥാനം ഗാനം നേടിയിരുന്നു. ഇന്നിപ്പോൾ പൃഥ്വിരാജ് പാടുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

ഹിഷാം അബ്‌ദുൾ വഹാബ് സംഗീത സംവിധാനം ചെയ്‌ത ചിത്രത്തിലെ 'ദർശന' എന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്. ഇത് വൈറലായിരുന്നു. കൈതപ്രമാണ് താതക തൈതാരത്തിന്റെ വരികൾ കുറിച്ചത്. 'ജേക്കബിന്റെ സ്വർഗരാജ്യ'ത്തിന് ശേഷം അഞ്ച് വർഷം കഴിഞ്ഞാണ് വിനീതിന്റെ സംവിധാനത്തിൽ 'ഹൃദയം' എത്തുന്നത്. സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ആകെ 15 പാട്ടുകളാണ് ഉള‌ളത്. ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിലെ നായികമാർ. മെറിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമ്മിച്ചത്. മലയാള സിനിമ ലോകത്ത് 70 വർ‌ഷം പൂർത്തിയാക്കിയ മെറിലാന്റിന്റെ 70ാമത് ചിത്രവുമാണ് 'ഹൃദയം'.