ather-ola

ന്യൂഡൽഹി: ട്രൂ റേഞ്ചിനെകുറിച്ചുള്ള അവകാശവാദങ്ങളാണ് ഇന്ന് വാഹനലോകത്തെ ഏറ്റവും പുതിയ ചർച്ച. യഥാർത്ഥ റോഡ‌് സാഹചര്യങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ലഭിക്കുന്ന റേഞ്ച് (മൈലേജ്) ആണ് ട്രൂറേഞ്ച്. ഓല സ്കൂട്ടറുകളുടെ സി ഇ ഒ വരുൺ ദുബേയാണ് കഴിഞ്ഞ ദിവസം ട്രൂറേഞ്ച് ചർച്ചകൾക്ക് തുടക്കമിടുന്നത്. ഇന്ത്യയിൽ ആദ്യമായി ഉപഭോക്താക്കളോട് ട്രൂറേഞ്ച് വെളിപ്പെടുത്തുന്ന വാഹനനിർമാതാക്കൾ തങ്ങളാണെന്നായിരുന്നു വരുൺ ദുബേയുടെ അവകാശവാദം.

എന്നാൽ ഓല സ്കൂട്ടറിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് മറ്രൊരു ഇലക്ട്രിക്ക് സ്കൂട്ടർ നി‌ർമാതാക്കളായ ഏതർ എനർജിയുടെ സ്ഥാപകനും സി ഇ ഒയുമായ തരുൺ മെഹ്ത രംഗത്തു വന്നു. ഓല സ്കൂട്ടറിന്റെ അവകാശവാദങ്ങൾ തെറ്റാണെന്നും ആദ്യമായി ട്രൂറേഞ്ച് കണക്കുകൾ പുറത്തുവിടുന്ന സ്ഥാപനം തങ്ങളുടേതാണെന്നും തരുൺ മെഹ്ത പറഞ്ഞു. യഥാർത്ഥത്തിൽ ട്രൂറേഞ്ച് എന്ന വാക്കിന്റെ ട്രേഡ്മാർക്ക് പോലും ഏഥർ എനർജി സ്വന്തമാക്കിയിട്ടുണ്ടെന്നാണ് തരുൺ അവകാശപ്പെടുന്നത്.

ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ (എ ആർ എ ഐ) എന്ന സ്ഥാപനമാണ് ഇന്ത്യയിൽ ഇറങ്ങുന്ന വാഹനങ്ങളുടെ മൈലേജ് പരീക്ഷിക്കുന്നത്. ഇവർ നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തുന്ന റോഡ് ടെസ്റ്റിൽ ലഭിക്കുന്ന മൈലേജാണ് വാഹന നിർമാതാക്കൾ അവരുടെ പരസ്യങ്ങളിൽ വാഹനത്തിന് ലഭിക്കുന്ന മൈലേജായി കാണിക്കുന്നത്. എന്നാൽ ഈ കണക്കുകൾ യഥാർത്ഥ റോഡ് സാഹചര്യങ്ങളിൽ നിന്ന് വളരെയേറെ വ്യത്യസ്ഥമായിരിക്കും. എ ആർ എ ഐയുടെ മൈലേജിനെക്കാൾ വളരെകുറഞ്ഞ മൈലേജായിരിക്കും വാഹനം റോഡിൽ ഇറങ്ങുമ്പോൾ ലഭിക്കുക.

ഇതിന് വ്യത്യസ്തമായാണ് ട്രൂറേഞ്ച് കണക്കുകൾ വരുന്നത്. ഇതനുസരിച്ച് റോഡിലെ യഥാർത്ഥ സാഹചര്യങ്ങളിൽ ആ വാഹനം നൽകുന്ന മൈലേജ് എത്രയാണോ അതായിരിക്കും ട്രൂറേഞ്ചായി നി‌മാതാക്കൾ കാണിക്കുക. ഉപഭോക്താക്കളുമായി കൂടുതൽ സുതാര്യമായ ഇടപാടുകൾ നടത്താനാണ് ട്രൂറേഞ്ചിലൂടെ നിർ‌മാതാക്കൾ ശ്രമിക്കുന്നത്.