
വാഷിംഗ്ടൺ : യു.എസിൽ വംശീയതയും വർണ വിവേചനവും അതിന്റെ ഉച്ചസ്ഥായിയിലായിരുന്ന കാലഘട്ടത്തിൽ തന്റെ അഭിനയപാടവത്തിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന സിഡ്നി പോയിറ്റിയറിന് കണ്ണീരോടെ വിട.നടൻ, സംവിധായകൻ എന്നതിലുപരി സാമൂഹ്യ - രാഷ്ട്രീയ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.
1975 ൽ ലില്ലീസ് ഒഫ് ദി ഫീൽഡ് എന്ന ചിത്രത്തിലെ അസാമാന്യ പ്രകടനത്തിലൂടെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടിയ അദ്ദേഹം ചരിത്രത്തിലേക്കാണ് നടന്നു കയറിയത്. ഓസ്കർ സ്വന്തമാക്കുന്ന ആദ്യത്തെ കറുത്ത വംശജൻ എന്ന ബഹുമതി സ്വന്തമാക്കിയ സിഡ്നി , ലോകമെമ്പാടുമുള്ള കറുത്ത വർഗക്കാർക്ക് സ്വപ്നം കാണാനുള്ള പ്രചോദനം നല്കി. നിറത്തിന്റെ പേരിൽ പല ഘട്ടങ്ങളിലും  സിഡ്നിയെ തഴഞ്ഞ അമേരിക്ക തന്നെ പിന്നീട് 2009 ൽ രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ യു.എസ് പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നല്കി അദ്ദേഹത്തെ ആദരിച്ചുവെന്നത് ചരിത്രം. എ പാച്ച് ഒഫ് ബ്ലൂ, സോംഗ് ഒഫ് ദി സൗത്ത്, ദി ഗ്രേറ്റസ്റ്റ് എവർ സ്റ്റോറി ടോൾഡ്, ടു സർ വിത്ത് ലവ്, ഇൻ ദി ഹീറ്റ് ഒഫ് ദി നൈറ്റ്, ഗസ് ഹൂ ഇസ് കമിംഗ് ടു ദി ഡിന്നർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഒരു നടനെന്നതിൽ മാത്രം ഒതുങ്ങി നിൽക്കാതെ സംവിധാന രംഗത്തേക്കും തിരിഞ്ഞ അദ്ദേഹം ബക്ക് ആൻഡ് ദി പ്രീച്ചർ, ലെറ്റ്സ് ടു ഇറ്റ് എഗൈൻ, ഫാസ്റ്റ് ഫോർവേഡ്, ഗോസ്റ്റ് ഡാഡ് എന്നീ നിരവധി സിനിമകൾ സംവിധാനം ചെയ്തു. 1997 മുതൽ 2007 വരെ ജപ്പാനിലെ ബഹാമിയൻ അംബാസിഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2002 ൽ സിനിമാ ലോകത്ത് നല്കിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തിന് അക്കാഡമി ഓണററി അവാർഡ് ലഭിച്ചു.