
കോഴിക്കോട്: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് മലയാളികൾ മരിച്ചു. കോഴിക്കോട് തലക്കുളത്തൂർ പറമ്പത്ത് റാഹത്ത് പിലാക്കിൽ റഹീമിന്റെ മകൻ മുഹമ്മദ് ഫാദിൽ (25), പാലക്കാട് ഒറ്റപ്പാലം തൃക്കട്ടേരിയിൽ അരവിന്ദാക്ഷന്റെ മകൻ അഭിലാഷ് (26), കൊച്ചി തമ്മനം ചന്ദ്രമതി നഗറിൽ കെ.ശിൽപ്പ ( 30), തിരുവനന്തപുരം പ്രാവച്ചമ്പലം പല്ലാവൂർ കോണത്തു വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ മകൾ ടി.വി.ജീന (28) എന്നിവരാണ് മരിച്ചത്. ഫാദിലും അഭിലാഷും ബംഗളൂരുവിൽ ഐ.ടി കമ്പനി ജീവനക്കാരാണ്. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് അപകടം. ഇവർ സഞ്ചരിച്ച കാറിന് പിന്നിൽ ലോറിയിടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഫാദിലിന്റെ പിതാവ് റഹീം ബംഗളൂരുവിൽ വ്യാപാരിയാണ്. മാതാവ്: ജസീറ. സഹോദരങ്ങൾ: ഹഫീസ്, ഹന്ന ഫാത്തിമ.